ക്ഷേത്രത്തെ രാഷ്ട്രീയ വേദി ആക്കുന്നതിനോട്‌ യോജിപ്പില്ല. ശശി തരൂര്‍

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കരുത് എന്ന കെ മുരളീധരന്‍റെ അഭിപ്രായത്തോട് അനുകൂലിക്കുന്നില്ലെന്ന് ശശി തരൂർ. ചടങ്ങിലേക്ക് വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്. അവരാണ് തീരുമാനം എടുക്കേണ്ടത്. വ്യക്തികളായി അവിടെ പോകാൻ തങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ സമയവും സാഹചര്യവും ആണ് പ്രധാനമെന്നും ശശി തരൂർ.

രാമക്ഷേത്ര പ്രതിഷ്ഠാ പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച്‌ തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. അല്ലാതെ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അല്ല. അത് അവിടെ തീരുമാനിക്കും. വിഷയത്തില്‍ കെപിസിസിയോട് അഭിപ്രായം ചോദിച്ചാല്‍ നിലപാട് അറിയിക്കും. മുരളീധരന്‍ പറഞ്ഞത് എന്താണെന്ന് മുരളിയോട് ചോദിക്കുക. അല്ലാതെ എന്നോട് ചോദിച്ചിട്ട് എന്താ കാര്യമെന്ന് സുധാകരന്‍ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ എം.പി എഐസിസി നേതൃത്വത്തിന് കത്ത് നൽകി. ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കരുതെന്ന പാര്‍ട്ടി കേരള ഘടകത്തിന്റെ നിലപാടിനെ എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ അറിയിച്ചതായും മുരളീധരന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.