എംഫില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിര്‍ത്തലാക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം : എംഫില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിര്‍ത്തലാക്കണമെന്ന് സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ മുന്നറിയിപ്പ്. എംഫില്‍ കോഴ്‌സുകളെ അംഗീകൃത ബിരുദമായി കാണാനാകില്ലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി). ചില സര്‍വകലാശാലകള്‍ എംഫില്‍ കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് അന്തിമ മുന്നറിയിപ്പുമായി യുജിസി രംഗത്തെത്തിയത്.

എംഫില്‍ ഒരു അംഗീകൃത ബിരുദമല്ല.അതിനാല്‍ 2023-24 അക്കാദമിക വര്‍ഷത്തിലേക്കായി സര്‍വകലാശാലകള്‍ ക്ഷണിച്ച എംഫില്‍ അപേക്ഷകള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കണം. വിദ്യാര്‍ത്ഥികള്‍ എംഫില്‍ കോഴ്‌സുകളിലേക്ക് പ്രവേശനം നേടുന്നത് അവസാനിപ്പിക്കണമെന്നും യുജിസി വ്യക്തമാക്കി.കഴിഞ്ഞ വര്‍ഷമാണ് എംഫില്‍ കോഴ്‌സുകള്‍ നിര്‍ത്തലാക്കാൻ യുജിസി സര്‍വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതുസംബന്ധിച്ച് 2022 നവംബര്‍ ഏഴിന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (മിനിമം സ്റ്റാന്‍ഡേര്‍ഡ്‌സ് ആന്‍ഡ് പ്രൊസിജ്യര്‍സ് ഫോര്‍ അവാര്‍ഡ് ഓഫ് പിഎച്ച്ഡി ഡിഗ്രി) റെഗുലേഷന് രൂപം നല്‍കിയിരുന്നു.