ഗണേഷ് കുമാറും കടന്നപ്പള്ളിയും രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാർ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.രാജ്ഭവനിൽ ഇന്ന് വെെകീട്ട് നാല് മണിക്ക് നടന്ന ചടങ്ങിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരുവര്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തു. പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തില്ല. സത്യപ്രതിജ്ഞയ്ക്കുശേഷം ഉള്ള ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി മടങ്ങി.

പിണറായി സർക്കാർ രണ്ടരവർഷം പൂർത്തിയാക്കുമ്പോൾ ഇടതുമുന്നണിയിലെ രണ്ടുഘടകകക്ഷികൾ മന്ത്രിപദവി, മറ്റ് രണ്ടു ഘടകകക്ഷികൾക്ക് കൈമാറണമെന്ന് നേരത്തേ ഉണ്ടായിരുന്ന ധാരണ പ്രകാരമാണ് മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥാനം ​ഗണേഷ് കുമാറിനും കടകംപള്ളിക്കും കൈമാറിയത്.

മന്ത്രിസഭ പുനഃസംഘടന നടപ്പാകുന്നതോടെ, ഏക എം.എൽ.എ.മാരുള്ള മുന്നണിയിലെ ആർ.ജെ.ഡി. ഒഴികെയുള്ള കക്ഷികൾക്കെല്ലാം സർക്കാരിൽ പ്രാതിനിധ്യം ലഭിക്കും. മന്ത്രിസ്ഥാനം ലഭിക്കാത്ത ആർ.ജെ.ഡി.ക്ക് മറ്റുസ്ഥാനങ്ങൾ നൽകുന്നത് പരിഗണിക്കേണ്ടിവരുമെന്നാണ് എൽ.ഡി.എഫ്. നേതാക്കൾ നൽകുന്ന സൂചന.