പാറ്റ്ന : 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ സഖ്യത്തിനുള്ള ആഹ്വാനം ഉടലെടുത്ത ബീഹാറിലെ സീറ്റ് വിഭജനത്തിന് ഇന്ത്യൻ പ്രതിപക്ഷ സഖ്യം അന്തിമരൂപം നൽകി.സംസ്ഥാനം ഭരിയ്ക്കുന്ന ജനതാദൾ യുണൈറ്റഡും (JDU) രാഷ്ട്രീയ ജനതാദളും (RJD) 16 മണ്ഡലങ്ങളിൽ വീതവും കോൺഗ്രസും 5 മണ്ഡലങ്ങളിലും മത്സരിക്കും. സംസ്ഥാനത്തെ 3 സീറ്റുകളിൽ ഇടത് പാർട്ടികൾ മത്സരിക്കും.
ഇന്ത്യാ പ്രതിപക്ഷ സഖ്യത്തിന്‍റെ നാലാമത്തെ യോഗത്തിന് ശേഷം, മൂന്ന് ആഴ്ചയ്ക്കുള്ളിൽ സഖ്യ കക്ഷികള്‍ തമ്മില്‍ സീറ്റ് വിഭജന ഫോർമുലയ്ക്ക് അന്തിമരൂപം നൽകണമെന്ന നേതാക്കളുടെ തീരുമാനം അനുസരിച്ച് ബീഹാറില്‍ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ തീരുമാനം സഖ്യം കൈക്കൊണ്ടു. 2015 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 243 സീറ്റുകളിൽ 100 സീറ്റുകളിൽ ആർജെഡിയും ജെഡിയുവും മത്സരിക്കുകയും ബാക്കി 43 സീറ്റുകൾ കോൺഗ്രസിന് നൽകുകയും ചെയ്തിരുന്നു.
ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വ്യാഴാഴ്ച വൈകുന്നേരം പപറ്റ്നയിൽ മുഖ്യമന്ത്രി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തി. തുല്യ സീറ്റുകളിൽ മത്സരിക്കുന്നതിനുള്ള സീറ്റ് പങ്കിടൽ ഫോർമുലയെക്കുറിച്ചുള്ള പിതാവ് ലാലു പ്രസാദ് യാദവിന്‍റെ സന്ദേശം തേജസ്വി അറിയിച്ചതായാണ് സൂചന. കോൺഗ്രസ്, ആർജെഡി, ജെഡിയു, എസ്പി, ബിഎസ്പി, ടിഎംസി, ഡിഎംകെ, എൻസിപി, സിപിഐ, സിപിഐ എം, മറ്റ് പ്രാദേശിക പാർട്ടികൾ എന്നിവ ഉൾപ്പെടുന്ന ഇന്ത്യ അലൈൻസ് വരുന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ വെല്ലുവിളിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.