പോലീസിനെതിരെ ശക്തമായ വിമർശനവുമായി കണ്ണൂർ പാർട്ടി നേതൃത്വം

കണ്ണൂർ: പോലീസിനെതിരെ പ്രതിഷേധം ശക്തമാക്കി കണ്ണൂരിലെ പാർട്ടി നേതൃത്വം. കയ്യൂരിന്റെയും ചീമേനിയുടെയും രക്തസാക്ഷികളുടെ ചരിത്രം മനസിലാക്കാതെ ഇവിടെ പോലീസ് രാജ് നടപ്പിലാക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം വലുതായിരിക്കുമെന്ന് സിപിഎം മാടായി ഏരിയാ കമ്മിറ്റി പഴയങ്ങാടിയിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് മുന്നറിയിപ്പ് നൽകി.

ചില പോലീസ് ഉദ്യോഗസ്ഥർ പിണറായി സർക്കാരിനെ ഇകഴ്ത്തി കാണിക്കാനുളള ശ്രമമാണ് നടത്തുന്നത്. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന നവകേരളയാത്രയിൽ ജനബാഹുല്യം കണ്ടു വിറളി പിടിച്ച യൂത്ത് കോൺഗ്രസുകാർ ജാഥയെ ആക്രമിക്കുമെന്ന വിവരം കിട്ടിയിട്ടും പഴയങ്ങാടി പോലീസ് കാണിച്ച അനാസ്ഥ അന്വേഷണ വിധേയമാക്കേണ്ടതാണെന്നും വിനോദ് ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ തലേദിവസം തന്നെ കണ്ണൂർ പോലീസ് കമ്മീഷണർക്ക് ഉൾപ്പെടെ നവകേരളയാത്രയ്‌ക്കെതിരെ അക്രമമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഞങ്ങൾ വിവരം നൽകിയിരുന്നു. വിശ്വസീനമായ കേന്ദ്രങ്ങളിൽനിന്നു ലഭിച്ച വിവരമാണ് കൈമാറിയത്. എന്നാൽ പോലീസ് സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയില്ല. ഇതുകൊണ്ടാണ് ജനനേതാവായ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ഞങ്ങൾക്ക് തന്നെ രംഗത്തിറങ്ങേണ്ടി വന്നത്.

അക്രമം നടന്നതിനെ ആരും ന്യായീകരിക്കുന്നതില്ല. എന്നാൽ സംഘർഷമൊഴിവാക്കാൻ ഇടപെട്ടവർ നിരപരാധികളാണെന്ന ബോധ്യത്തെ തുടർന്നാണ് അവർ ജയിൽ മോചിതരായപ്പോൾ പാർട്ടി സ്വീകരണം നൽകിയത്. പഴയങ്ങാടിയിൽ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസുകാരോ അവരെ പ്രതിരോധിച്ചവരോയല്ല കുറ്റക്കാർ, പോലീസാണ് ഇതിന് ഉത്തരവാദികൾ. ക്രമസമാധാനം പാലിക്കേണ്ട ഇടങ്ങളിൽ ഇടപെടേണ്ട ശേഷിക്കുറവ് പോലീസിനുണ്ടെന്നും വി വിനോദ് ആരോപിച്ചു.