ലണ്ടൻ: ബ്രിട്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പറക്കാനൊരുങ്ങിയ ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിലെ എയർഹോസ്റ്റസ് യാത്രക്കാരുടെ മുന്നിൽ കുഴഞ്ഞുവീണ് മരിച്ചു. യാത്രക്കാരും മറ്റ് ജീവനക്കാരും നോക്കിനിൽക്കെയായിരുന്നു സംഭവം.
പുറപ്പെടാൻ തയാറെടുത്തിരുന്നതിനാൽ വിമാനത്തിൻ്റെ വാതിൽ പൂട്ടിയിരുന്നു.വിമാനത്തിലെ പിൻസീറ്റുകൾക്ക് സമീപത്താണ് എയർഹോസ്റ്റസ് കുഴഞ്ഞുവീണതെന്ന് യാത്രക്കാരിലൊരാൾ പറഞ്ഞു. എയർഹോസ്റ്റസിന് സഹായം നൽകണമെന്ന നിർദേശം പൈലറ്റ് അടിയന്തിരമായി മെഡിക്കൽ വിഭാഗത്തെ അറിയിച്ചെങ്കിലും യാത്രക്കാർ നോക്കിനിൽക്കെ എയർഹോസ്റ്റസിൻ്റെ മരണം മിനിറ്റുകൾക്കകം സംഭവിച്ചു. ഇതോടെ മെഡിക്കൽ എമർജൻസി ചൂണ്ടിക്കാട്ടി വിമാനം റദ്ദാക്കി. മറ്റ് പൈലറ്റുമാരും ജീവനക്കാരും ചുമതലയേറ്റതോടെ അടുത്ത ദിവസമാണ് വിമാനം യാത്ര ആരംഭിച്ചത്.
ജീവനക്കാരന് യാതൊരു തരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ക്രൂ അംഗത്തിൻ്റെ വിയോഗം വിഷമകരമാണെന്നും അവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കൊപ്പവുമാണെന്നും അധികൃതർ പറഞ്ഞു.