ഹിന്ദുവായ താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്, രാഷ്ട്രീയ ചടങ്ങിനല്ല. ശശി തരൂർ

തിരുവനന്തപുരം : അയോധ്യയിലെ പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നത് സംബന്ധിച്ച് കോൺഗ്രസ് വൈകാതെ തീരുമാനമെടുക്കുമെന്ന് ശശി തരൂർ എംപി. ഒരു ഹിന്ദുവായ താൻ ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാനാണ്. രാഷ്ട്രീയ ചടങ്ങിനല്ല പോകുന്നത്.

വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്. വ്യക്തികൾ തീരുമാനിക്കും. ദൈവത്തോട് അടുത്ത ബന്ധം സ്ഥാപിക്കാനാണ് ക്ഷേത്രത്തിൽ പോകുന്നത്. അതിൽ സർക്കാർ ഇടപെടാമോ എന്ന് തനിക്കറിയില്ല. അവർ ചെയ്യുന്നുണ്ടെങ്കിൽ ചെയ്തോട്ടെ. അടിസ്ഥാനപരമായി വ്യക്തികൾ വിശ്വാസം കൊണ്ടാണ് പ്രാർത്ഥിക്കാൻ പോകുന്നത്. ആരും സർക്കാർ പറഞ്ഞതിന്റെ പേരിൽ പ്രാർത്ഥിക്കാൻ പോകാറില്ലെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

രണ്ടുമൂന്നു പേർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇരുപത്തിരണ്ടാം തിയ്യതിക്ക് ഇനിയും ദിവസമുണ്ടല്ലോ. അറിയിക്കാം എന്നാണ് പറഞ്ഞിരിക്കുന്നത്.ശശി തരൂർ പറഞ്ഞു. കർണാടകത്തിലെ കോൺഗ്രസ് സർക്കാർ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൽ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ പൂജ നടത്താനും മറ്റാഘോഷങ്ങൾ നടത്താനും നിർദ്ദേശിച്ചിട്ടുണ്ട്. എഐസിസിയുടെ യുപി ഇൻചാർജായ അവിനാഷ് പാണ്ഡെ അടക്കമുള്ള നൂറു കോൺഗ്രസ് നേതാക്കൾ വരുന്ന 15ന് അയോധ്യ സന്ദർശിക്കുന്നുണ്ട്.

കോൺഗ്രസ് ഒരുകാലത്തും അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ എതിർത്തിട്ടില്ലെന്ന് അവിനാഷ് പാണ്ഡെ പ്രസ്താവിച്ചു. സംസ്ഥാന പ്രസിഡണ്ടിനെയും കൂട്ടിയാണ് പതിനഞ്ചാം തിയ്യതി അയോധ്യയിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അഖിലേഷ് പ്രസാദ് സിങ്ങും അയോധ്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുണ്ട്.