ബംഗളുരു : കാമുകിയോട് കടം കൊടുത്ത ഒരു ലക്ഷം രൂപ തിരിച്ചു ചോദിച്ച കണ്ടക്ടറെ കാമുകിയും ഭർത്താവും ചേർന്ന് ആക്രമിച്ചു.കാമുകിയുടെയും ഭർത്താവിന്റെയും ആക്രമണത്തിൽ നിന്ന് കണ്ടക്ടറെ രക്ഷിച്ചത് പോലീസും.ജീവനും കൊണ്ട് ഓടുന്ന കണ്ടക്ടറെ കണ്ട പോലീസ് മാലയോ മൊബൈലോ മോഷ്ടിച്ച് ഓടുകയാണെന്ന് കരുതി തടഞ്ഞു നിർത്തി.ചോദ്യം ചെയ്തപ്പോഴാണ് യഥാർത്ഥ സംഭവം മനസ്സിലായത്.
ഹെബ്ബാൾ സ്വദേശിയായ 45 കാരനായ കണ്ടക്ടറുടെ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്ന യുവതിയുമായുള്ള ഏഴു മാസത്തെ അടുത്ത പരിചയം പ്രണയമായി.സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞ് യുവതി കണ്ടക്ടറുടെ കയ്യിൽ നിന്ന് പണം വാങ്ങാൻ തുടങ്ങി.ഒരു ലക്ഷം രൂപയോളം നൽകിയെങ്കിലും പിന്നീടും യുവതി പല ആവശ്യങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടാൻ തുടങ്ങി. ഇനി പണം നൽകാൻ സാധിക്കില്ലെന്നും ഇതുവരെ നൽകിയ പണം തിരിച്ചു നൽകണമെന്നും യുവതിയോട് കണ്ടക്ടർ ആവശ്യപ്പെട്ടു.
ജനുവരി രണ്ടിന് ബസ് ഡിപ്പോയ്ക്ക് സമീപം എത്തിയ കാമുകിയും ഭർത്താവും ചേർന്ന് കണ്ടക്ടറെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പോലീസ് കണ്ടത്. ഇരുവരും തമ്മിലുള്ള ബന്ധം യുവതി കണ്ടക്ടറുടെ ഭാര്യയോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കണ്ടക്ടർ ശല്യപ്പെടുത്തുന്നതായി യുവതി ഭർത്താവിനോട് പരാതിപ്പെട്ടതായും കണ്ടക്ടർ പോലീസിനോട് പറഞ്ഞു. .കാര്യങ്ങൾ വ്യക്തമായ പോലീസ് കണ്ടക്ടറെ ആശുപത്രിയിൽ എത്തിച്ചു.
കണ്ടക്ടറുമായുള്ള ഭാര്യയുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ഇരുവർക്കും താക്കീത് നൽകിയെന്നും എന്നാൽ കണ്ടക്ടർ വീണ്ടും യുവതിയുടെ പുറകെ തന്നെയായിരുന്നുവെന്നും ഭർത്താവ് പറയുന്നു. കണ്ടക്ടറുടെ പരാതിയിൽ ദമ്പതികൾക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തിവരികയാണ് പോലീസ്.