സമസ്തയുടെ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും വരുന്നവരുടെ കൈവെട്ടും.സത്താര്‍ പന്തല്ലൂർ

മലപ്പുറം: സമസ്തയുടെ പണ്ഡിതന്മാരെ ആരെങ്കിലും വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും ശ്രമിച്ചാൽ അവരുടെ കൈ വെട്ടാൻ എസ്‌കെഎസ്എസ്എഫിന്റെ പ്രവര്‍ത്തകരുണ്ടാകുമെന്ന മുന്നറിയ്പ്പുമായി എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂർ. മലപ്പുറത്ത് മുഖദ്ദസ് സന്ദേശയാത്ര സമാപന റാലിയിലാണ് വിവാദ പ്രസംഗം.

ഞങ്ങള്‍ക്ക് ഒരേ ഒരു കടപ്പാടേയുള്ളൂ. അത് സമസ്ത കേരള ജം ഇയ്യത്ത് ഉല്‍ ഉലമയോടു മാത്രമാണ്. ആ സമസ്തയുടെ മഹാരഥന്മാരായ പണ്ഡിതന്മാരെ, അതിന്റെ ഉസ്താദുമാരെ, അതിന്റെ സാദാത്തുക്കളെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേല്‍പ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാന്‍ എസ്‌കെഎസ്എസ്എഫിന്റെ പ്രവര്‍ത്തകര്‍ മുന്നോട്ടുണ്ടാകും.ഇതിനെ അപമര്യാദയായിട്ട് ആരും കാണേണ്ടതില്ല. ഇത് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമക്ക് ജനിച്ച, അതിനു വേണ്ടി ജീവിക്കുന്ന, അതിനു വേണ്ടി മരിക്കാന്‍ സന്നദ്ധരായിട്ടുള്ള ഒരു പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരുടെ മുന്നറിയിപ്പായി എല്ലാവരും തിരിച്ചറിയണമെന്നും സത്താര്‍ പന്തല്ലൂര്‍ പ്രസംഗത്തില്‍ പറഞ്ഞു.

സമസ്ത മുശാവറ ഒരു തീരുമാനം എടുത്താല്‍ അത് അംഗീകരിക്കണം. അംഗീകരിക്കാത്തവരെ സമസ്തയ്ക്കും എസ്‌കെഎസ്എസ്എഫിനും ആവശ്യമില്ലെന്നും ജാമിയ നൂരിയ്യയിലെ പരിപാടിയിൽ നിന്ന് വിലക്കേർപ്പെടുത്തിയ നേതാവ് സത്താർ പന്തല്ലൂർ പറഞ്ഞു.