കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി. ഈ വർഷത്തെ രണ്ടാമത്തെ സന്ദർശനത്തിനായി നാളെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി പാർട്ടിയെ സജീവമാക്കാൻ ബൂത്തുതലത്തിലുള്ള നേതാക്കളുടെ യോഗത്തിൽ ഉൾപ്പെടെ പങ്കെടുക്കും.
സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ തൃശൂരിലേക്ക് പോകുന്ന മോദി തിരിച്ചെത്തിയ ശേഷമാണ് നേതൃയോഗത്തിൽ പങ്കെടുക്കുക. ബിജെപിയുടെ ബൂത്തുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന സമിതിയായ ശക്തികേന്ദ്രയുടെ ഇൻ ചാർജുമാരുടെ യോഗത്തിലാണ് മോദി പങ്കെടുക്കുന്നത്.തെരഞ്ഞെടുപ്പുകളിൽ ബിജെപി ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന സംഘടനാ സംവിധാനമാണ് ശക്തികേന്ദ്ര.
ബുധനാഴ്ച മറൈൻ ഡ്രൈവിൽ നടക്കുന്ന ബിജെപിയുടെ ശക്തികേന്ദ്ര പ്രമുഖ് എന്ന കോഓർഡിനേറ്റർമാരുടെ യോഗത്തിൽ 7,000 ശക്തികേന്ദ്ര പ്രമുഖരാണ് പങ്കെടുക്കുക. മറ്റു സംസ്ഥാനങ്ങളിലൊന്നും മോദി ശക്തികേന്ദ്ര പ്രമുഖ് യോഗങ്ങളിൽ പങ്കെടുത്തിട്ടില്ല. ഈ യോഗത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമിടുന്ന ബിജെപി എ പ്ലസ് മണ്ഡലങ്ങളിലെ പ്രവർത്തനം ശക്തമാക്കും.
ഓരോ വീട്ടിലും ഭരണനേട്ടങ്ങളെത്തിക്കുന്നതും വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമാകും ആദ്യത്തെ പ്രവർത്തനം. ആഴ്ചതോറും ബൂത്ത് പ്രവർത്തനം വിലയിരുത്തും. തൃശൂർ, ആറ്റിങ്ങൽ, പാലക്കാട്, പത്തനംതിട്ട എന്നീവിടങ്ങളിലെ സ്ഥാനാർഥി സ്ഥാനാർഥി പ്രഖ്യാപനം അധികം വൈകാതെ തന്നെ ഉണ്ടായേക്കും. തൃശൂരിൽ സുരേഷ് ഗോപിയാകും സ്ഥാനാർഥി. കേന്ദ്ര മന്ത്രി വി മുരളീധരൻ ആറ്റിങ്ങലിലും സി കൃഷ്ണകുമാർ പാലക്കാടും ജനവിധി തേടാനാണ് സാധ്യത. പത്തനംതിട്ടയിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനാകും പരിഗണന.ശോഭ സുരേന്ദ്രനെ ഇത്തവണ കോഴിക്കോടാകും നിയോഗിക്കുക.
കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര 27ന് ആരംഭിക്കുന്നകെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 12ന് തിരുവനന്തപുരത്ത് നടക്കുന്ന പദയാത്രയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കും. ഫെബ്രുവരി 23ന് പാലക്കാട് സമാപനയോഗത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കും.20 മണ്ഡലങ്ങളിലും 10 കിലോമീറ്റർ വീതമാണ് സരേന്ദ്രന്റെ പദയാത്ര