കൊച്ചി: മഹാരാജാസ് കോളേജിൽ വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയുണ്ടായ സംഘർഷത്തിൽ കെഎസ്യു പ്രവർത്തകൻ ഇജിലാൽ അറസ്റ്റിലായി. കണ്ണൂർ സ്വദേശിയായ ഇജിലാൽ കേസിലെ എട്ടാം പ്രതിയാണ് . മൂന്നാം വർഷം ഇംഗ്ലീഷ് വിദ്യാർഥിയായ അബ്ദുൾ മാലിക്കാണ് ഒന്നാം പ്രതി. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസർ അബ്ദുൾ റഹ്മാനെ കുത്തിയ കേസിൽ പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റ നാസർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കേസെടുത്ത ഫ്രട്ടേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെ വധശ്രമം അടക്കം ഒൻപത് വകുപ്പുകളാണ് എറണാകുളം സെന്റ്രൽ പോലീസ് ചുമത്തിയിട്ടുള്ളത്. ക്യാമ്പസിനകത്ത് എംജി നാടകോത്സവത്തിന്റെ ഭാഗമായി നാടകപരിശീലനം നടക്കുന്നതിനിടെ നാടകോത്സവത്തിന്റെ ചുമതലക്കാരനായ നാസർ അബ്ദുൾ റഹ്മാനെതിരെ ആക്രമണമുണ്ടായത്. നാസറിന്റെ വയറിനും കൈകാലുകൾക്കുമാണ് കുത്തേറ്റത്. യൂണിറ്റ് കമ്മിറ്റി അംഗമായ അശ്വതിക്കും പരിക്കേറ്റു.കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്.
അധ്യാപകനെ ആക്രമിച്ച ഫ്രട്ടേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്ഐആറിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വടി വാളും ബിയർ കുപ്പിയും മാരകായുധങ്ങളുമായെത്തിയായിരുന്നു ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. 20 ഓളം പേരടങ്ങുന്ന സംഘമാണ് നാസറിനെ ആക്രമിച്ചതെന്നാണ് കോളേജ് യൂണിയന് ചെയര്മാന് തമീം റഹ്മാന് പറഞ്ഞത്.