യാത്രക്കാരനെ മർദിക്കുന്നത് സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ടിടിഇക്ക് സസ്‌പെന്‍ഷന്‍

ലഖ്‌നൗ : ട്രെയിനിൽ വെച്ച് യാത്രക്കാരനെ മര്‍ദിച്ച ടിടിഇയെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് റെയിൽവേ അധികൃതരോട് നടപടി എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ബറൗണി-ലഖ്‌നൗ എക്‌സ്‌പ്രസ്സിൽ പരിശോധനക്കിടെ യാത്രക്കാരനോട് എഴുന്നേറ്റു നില്‍ക്കാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥൻ, ഇയാളെ ആവര്‍ത്തിച്ച്‌ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

താൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്നുപറയുന്ന യാത്രക്കാരനെ ആവര്‍ത്തിച്ച്‌ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സഹയാത്രികൻ പകർത്തുന്നതു തടയാനും ടിടിഇ ശ്രമിച്ചു. എന്തിനാണ് യാത്രക്കാരനെ മർദ്ദിക്കുന്നതെന്നു ചോദ്യം ചെയ്യുന്ന സഹയാത്രികനോട് ടിടിഇ കയർത്തു സംസാരിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഇതിന്റെ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിച്ചതോടെ വിഷയം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് റെയിൽവേ മന്ത്രിയോട് കർശന നടപടി സ്വീകരിക്കണമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ നിരവധി ആളുകൾ ആവശ്യപ്പെട്ടിരുന്നു.

സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ ടിടിഇയെ സസ്പെൻഡ് ചെയ്തതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിക്കുകയായിരുന്നു. ഇത്തരം മോശം പെരുമാറ്റങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും ടിടിഇയെ സസ്പെൻഡ് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം എക്സില്‍ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി.