ധനപ്രതിസന്ധിയ്ക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും.വിഡി സതീശൻ

തിരുവനന്തപുരം: കേരളം നേരിടുന്ന എല്ലാ ധനപ്രതിസന്ധിക്കും കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവിനോട് യോജിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത അത്രയും ഗുരുതരമാ ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. നികുതി പിരിവിലെ പരാജയവും കെടുകാര്യസ്ഥതയും ധൂര്‍ത്തും ഉള്‍പ്പെടെ നിരവധി കാരങ്ങളാണ് ഈ പ്രതിസന്ധിയിലേക്ക് എത്തിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.

സംസ്ഥാനത്തിന്റെ ധനസ്ഥിതിയും കേന്ദ്രാവഗണനയും ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷത്തെ കൂടി ക്ഷണിച്ചതിന് നന്ദി. ധനപ്രതിസന്ധിക്കുള്ള നിരവധി കാരണങ്ങളില്‍ ഒന്നു മാത്രമാണ് കേന്ദ്രാവഗണന. നികുതി ഭരണത്തിലെ കെടുകാര്യസ്ഥത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുണ്ട്. ഇക്കാര്യങ്ങള്‍ രണ്ട് ധവളപത്രങ്ങളിലൂടെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതും മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്.

അന്നൊന്നും പ്രതിപക്ഷ വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതിരുന്ന സര്‍ക്കാര്‍, ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രതിപക്ഷത്തെ ചര്‍ച്ചയ്ക്ക് വിളിച്ചതിന് പിന്നില്‍ സംസ്ഥാന താല്‍പര്യം മാത്രമല്ല രാഷ്ട്രീയ താല്‍പര്യവും ഉണ്ടെന്ന് യു.ഡി.എഫ് സംശയിക്കുന്നുവെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി.

നികുതി പിരിവ് കാര്യക്ഷമമാക്കുന്നതിന് പകരം എല്ലാ നികുതിയും വര്‍ധിപ്പിച്ചും സെസ് ഏര്‍പ്പെടുത്തിയും ധനപ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴിയാണ് സ്വീകരിച്ചത്.പ്രതിപക്ഷം മുന്നറിയിപ്പ് നല്‍കിയത് പോലെ ഇത് വിപരീതഫലമാണ് ഉണ്ടാക്കിയിരിക്കുന്നത്. രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ ഡീസലിന്റെ ഉപഭോഗം കുറഞ്ഞു. ഇതിലൂടെ നേരത്തെ ലഭിച്ചുകൊണ്ടിരുന്ന വരുമാനവും ഇല്ലാതായി. വിലക്കയറ്റത്തിന് പുറമെ അമിത നികുതി ഭാരം കൂടി അടിച്ചേല്‍പ്പിച്ചതോടെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകാതെ ജനംവീര്‍പ്പ് മുട്ടുകയാണെന്നത് കൂടി സര്‍ക്കാര്‍ കാണണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഡല്‍ഹിയിലെ സമരത്തിന്റെ തീയതി ഏകപക്ഷീയമായി പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇത് രാഷ്ട്രീയ മര്യാദ അല്ല.ധനപ്രതിസന്ധിയ്ക്ക് കാരണം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും ധൂര്‍ത്തും ആണെന്നിരിക്കെ സര്‍ക്കാരുമായി ചേര്‍ന്നുള്ള ഒരു സമരവും വേണ്ടെന്നാണ് യുഡിഎഫ് യോഗം ഏകകണ്ഠമായി തീരുമാനിച്ചത്.വിഡി സതീശൻ വ്യക്തമാക്കി.