റിയാദ് : സൗദി അറേബ്യയിൽ ആദ്യമായി തലസ്ഥാനമായ റിയാദിലെ ഡിപ്ലോമാറ്റിക് ക്വാര്‍ട്ടറില്‍ മദ്യശാല തുറന്നു.സൗദി സമൂഹത്തെ കൂടുതല്‍ ഉദാരവത്കരിക്കുന്നതിനും അന്താരാഷ്ട്ര വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
21 വയസ്സിന് താഴെയുള്ളവരെ സ്‌റ്റോറില്‍ പ്രവേശിപ്പിക്കില്ല. സ്റ്റോറില്‍ ഫോട്ടോഗ്രഫിയും നിരോധിച്ചിട്ടുണ്ട്. പ്രതിമാസ ക്വാട്ട അടിസ്ഥാനമാക്കിയായിരിക്കും മദ്യ വില്‍പ്പന. സൗദിയിൽ അമുസ്ലീങ്ങള്‍ക്കായി മദ്യശാല തുറക്കുന്നത് ആദ്യത്തെ ചുവടുവെയ്പ്പാണ്. ഇതിലൂടെ മദ്യത്തിന്റെ കള്ളക്കടത്തിന് തടയിടാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് സൗദി ഉദ്യോഗസ്ഥര്‍ പറഞ്ഞു.മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്കായിരിക്കും മദ്യം വാങ്ങാനാകുക.ഡിപ്ലോ(DIPLO) ആപ്പ് വഴിയാണ് മദ്യം വാങ്ങാനെത്തുന്നവരുടെ ആധികാരികത പരിശോധിക്കുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സൗദിയെ സാമൂഹികമായും സാമ്പത്തികവുമായുമുള്ള മാറ്റത്തിന്റെ പാതയിലേക്ക് നയിക്കാന്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കാരങ്ങള്‍ സഹായിച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് പുതിയ നീക്കമെന്നാണ് മാധ്യമങ്ങള്‍ വിലയിരുത്തുന്നത്. ഇസ്ലാമിക മൂല്യങ്ങളില്‍ അടിയുറച്ച് നിലകൊള്ളുന്ന സൗദി അറേബ്യ മദ്യത്തെ നിഷിദ്ധമായാണ് കണ്ടിരുന്നത്. 1952 മുതൽ രാജ്യത്ത് മദ്യത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.