75-ാം റിപ്പബ്ലിക് ദിനം, സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് ദിനത്തിന് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കും

ന്യൂ ഡൽഹി : രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും ആകര്‍ഷകമായ പരേഡ് രാവിലെ 10:30 ന് വിജയ് ചൗക്കില്‍ നിന്നും ആരംഭിച്ച് കര്‍ത്തവ്യ പഥത്തില്‍ അവസാനിക്കും.ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രമേയം ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്, വികസിത് ഭാരത് എന്നിവയാണ്. 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് ദിനത്തിന് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കും.ചരിത്രത്തിലാദ്യമായി മൂന്ന് സേനാ ഗ്രൂപ്പുകളിലെയും വനിതാ അംഗങ്ങള്‍ പരേഡില്‍ പങ്കെടുക്കും.

ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ്. റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് പ്രസിഡന്റാണ് ഇദ്ദേഹം. ഇന്ത്യൻ സൈന്യത്തിനൊപ്പം കർത്തവ്യപഥിലൂടെ ഫ്രഞ്ച് സൈന്യവും മാർച്ച് ചെയ്യും. 95 അം​ഗ സംഘമാകും രാജ്യതലസ്ഥാനത്ത് മാർച്ച് ചെയ്യുക. ഒപ്പം 33 അം​ഗ ബാൻഡ് സംഘവും അണിനിരക്കും. ഫ്രഞ്ച് വ്യോമസേനയുടെ രണ്ട് റഫാൽ യുദ്ധവിമാനങ്ങളും എയർബസ് A330 മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും പരേഡിൽ പങ്കെടുക്കും. പരേഡില്‍ പങ്കെടുക്കുന്ന ഫ്രഞ്ച് സൈനിക അംഗങ്ങളോടൊപ്പം ആറ് ഇന്ത്യക്കാരും ഭാഗമാകുമെന്നാണ് റിപ്പോർട്ട്.

ഇന്ത്യ ​ഗേറ്റിന് സമീപമുള്ള പ്രത്യേക ക്യാമ്പിൽ ഇന്ത്യയുടെ സൈനിക ശക്തി പ്രദർശിപ്പിക്കുന്ന ടാങ്കുകൾ, സൈനിക വാഹനങ്ങൾ, ആധുനിക സൈനിക യന്ത്രോപകരണങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ടാകും.ചന്ദ്രയാന്‍ മൂന്നിന്റെ ലോഞ്ചിങ്ങും ലാന്‍ഡിങ്ങും ചിത്രീകരിക്കുന്ന ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ വിജയവുമായി ബന്ധപ്പെട്ടുള്ള ടാബ്ലോ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കും.

ഇത്തവണ 132 പേരാണ് പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്. അഞ്ചുപേര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്കാരം, 17പേര്‍ക്ക് പത്മഭൂഷണ്‍. ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണ കേരളത്തില്‍നിന്നും പത്മശ്രീ പുരസ്കാരം നേടിയത് കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ്.