ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം.

ന്യൂഡല്‍ഹി: അടുത്ത അഞ്ചുകൊല്ലത്തില്‍ പിഎംഎവൈയിലൂടെ രണ്ടുകോടി വീടുകള്‍ കൂടി നിര്‍മിച്ചു നല്‍കുമെന്ന് ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. പുതുതായി 35 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആശാ വര്‍ക്കര്‍മാരെയും അങ്കണവാടി ജീവനക്കാരെയും ഉള്‍പ്പെടുത്തുമെന്നും ധനമന്ത്രി.

വ്യോമയാന മേഖലയില്‍ 570 പുതിയ റൂട്ടുകള്‍ സൃഷ്ടിക്കുകയും രാജ്യത്ത് 249 വിമാനത്താവളങ്ങള്‍ കൂടി നിർമിക്കുകയും ചെയ്യും. അഞ്ച് ഇന്റഗ്രേറ്റഡ് അക്വാ പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കുകയും മത്സ്യബന്ധനമേഖലയില്‍ 55 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് റെയില്‍വേ ഇടനാഴി സ്ഥാപിക്കുമെന്നും 40,000 സാധാരണ റെയില്‍ ബോഗികളെ വന്ദേ ഭാരത് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും മെട്രോ റെയില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും ബജറ്റിൽ പറയുന്നു.

പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ ഒരുകോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും ഉൾപ്പെടെ തുടർച്ചയായ ആറാം ബജറ്റ് അവതരണമാണ് ധനമന്ത്രി നിർമല സീതാരാമൻ നടത്തിയത്. ധനമന്ത്രി എന്ന നിലയിൽ മൊറാർജി ദേശായി 1959-1964 കാലയളവിൽ അഞ്ച് വാർഷിക ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ചിരുന്നു. തൻ്റെ മുൻഗാമികളായ മൻമോഹൻ സിംഗ്, അരുൺ ജെയ്റ്റ്‌ലി, പി. ചിദംബരം, യശ്വന്ത് സിൻഹ എന്നിവരുടെ തുടർച്ചയായി അഞ്ച് ബജറ്റുകൾ അവതരിപ്പിച്ച റെക്കോർഡുകൾ ഈ ബജറ്റ് അവതരണത്തിലൂടെ നിർമലാ സീതാരാമൻ മറികടക്കും.

നിലവിലെ ആദായനികുതി പരിധി നിലനിർത്തി ഇറക്കുമതി തീരുവ അടക്കം പരോക്ഷ നികുതി ഘടനയിലും മാറ്റമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഏഴു ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി അടയ്ക്കേണ്ടതില്ല. ആ പരിധി 2013–14 കാലത്ത് 2.2 ലക്ഷം ആയിരുന്നു. കഴിഞ്ഞ അഞ്ചു വർഷം നികുതി നൽകുന്നവർക്ക് നൽകുന്ന സേനവങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. റീഫണ്ട് ലഭിക്കുന്നതിനുള്ള കാലപരിധി 93 ദിവസങ്ങളിൽനിന്ന് വെറും 10 ദിവസമാക്കി കുറച്ചു. ധനമന്ത്രി പാർലമെന്റിൽ പറഞ്ഞു.