വണ്ടിപ്പെരിയാർ ബലാത്സംഗക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.ഡി. സുനില്‍കുമാറിനെ സസ്പെൻഡ് ചെയ്തു

കൊച്ചി : വണ്ടിപ്പെരിയാര്‍ പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോടതി പ്രതികൂല പരാമര്‍ശം നടത്തിയ വാഴക്കുളം പോലീസ് സ്റ്റേഷന്‍ സി.ഐ. ടി.ഡി. സുനില്‍കുമാറിനെയാണ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. സുനിൽകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളെക്കുറിച്ച് അന്വേഷിച്ച് 2 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ എറണാകുളം റൂറൽ അഡി. പോലീസ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.

ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറുവയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിൽ 2021 ജൂൺ 30-നായിരുന്നു കണ്ടെത്തിയത്. പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപവാസിയായ അർജുനെ പിടികൂടിയിരുന്നു.എന്നാല്‍ പ്രതിക്കെതിരേ ചുമത്തിയ കൊലപാതകം, ബലാത്സംഗം അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിയാത്തതിനെ തുടർന്ന് പ്രതിയെ കോടതി വെറുതെ വിട്ടു.

ഇതിനെതിരെ പോലീസിനും സർക്കാരിനും വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ഒന്നാം പ്രതി സർക്കാരാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ ആരോപണത്തിൽ കേസ് അന്വേഷണത്തിൽ ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കിൽ കർശനമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.