തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു.2025 നവംബറോടെ അതിദാരിദ്ര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും 2025ഓടെ ലൈഫ് പദ്ധതിയിൽ പുതുതായി 5 ലക്ഷം വീടുകൾ നിർമിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.
1,38,655 കോടി രൂപ വരവും 1,84,327 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് നികുതി വരുമാനത്തില്‍ 7845 കോടി രൂപയുടെയും നികുതിയേതര വരുമാനത്തില്‍ 1503 കോടി രൂപയുടെയും വര്‍ദ്ധനവ് ലക്ഷ്യമിടുന്നു. സംസ്ഥാനത്ത് വില്‍പന നടത്തുന്ന ഇന്ത്യന്‍ നിർമിത വിദേശമദ്യത്തിന്മേല്‍ ഗാലനേജ് ഫീസ് ലിറ്ററിന് പത്തു രൂപ വര്‍ധിപ്പിച്ചതുവഴി 200 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
കോടതി വ്യവഹാരങ്ങള്‍ക്ക് ചെലവ് കൂടും. സെഷന്‍സ് കോടതിയില്‍ ഫയല്‍ ചെയ്യുന്ന അപ്പീലിന് ആയിരം രൂപയും പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന അപ്പീലില്‍, വിചാരണക്കോടതിയില്‍ ഒടുക്കിയ കോടതിഫീസിന്റെ പകുതിക്ക് തുല്യമായ തുകയും കോടതി ഫീസായി ഉയര്‍ത്തി. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1.2 പൈസ ചുമത്തിയിരുന്നു. 1963 ല്‍ നിശ്ചയിച്ച തുകയാണിത്. ഇത് യൂണിറ്റിന് 15 പൈസയായി വര്‍ധിപ്പിച്ചു. ഇതിലൂടെ 24 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.
കേരള ഇലക്ട്രിസിറ്റി ആക്ട് പ്രകാരം ലൈസന്‍സികള്‍ വില്‍ക്കുന്ന ഓരോ യൂണിറ്റിനും നല്‍കേണ്ട ഡ്യൂട്ടി നിരക്ക് ആറു പൈസ എന്നതില്‍ നിന്നും യൂണിറ്റിന് 10 പൈസയായി വര്‍ധിപ്പിച്ചു. ഇതിലൂടെ 101.41 കോടിയുടെ വരുമാനം പ്രതീക്ഷിക്കുന്നു.