പോക്സോ കേസിൽ എല്‍.പി സ്കൂള്‍ അദ്ധ്യാപകന്‍ അറസ്റ്റിൽ

തിരുവനന്തപുരം: കുട്ടികളെ അശ്ലീല വീഡിയോകള്‍ കാണിക്കുകയും ലൈഗികാതിക്രമം നടത്തുകയും ചെയ്ത കേസില്‍ എല്‍.പി സ്കൂള്‍ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം കാട്ടാക്കട പൂവച്ചല്‍ കുഴിയംകോണം പള്ളിവേട്ട തടത്തരികത്ത് വീട്ടില്‍ ബാത്തിഷായേയാണ് കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.

ഇടവേള സമയങ്ങളിലും ക്ലാസുകൾക്കിടയിലും കുട്ടികളെ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിക്കുകയും കുട്ടികളുടെ ശരീര ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും ചെയ്തു എന്നാണു ബാത്തിഷായ്ക്കെതിരെയുള്ള പരാതി. കുട്ടികൾ വീട്ടില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കളാണ് കുളത്തുപ്പുഴ പോലീസില്‍ പരാതി നല്‍കിയത്. രണ്ടു കുട്ടികളുടെ മൊഴികൾ കുളത്തുപ്പുഴ പോലീസ് രേഖപ്പെടുത്തി.

തനിക്കെതിരെ കേസെടുത്തുവെന്നു മനസിലാക്കിയതോടെ ഒളിവില്‍ പോയ പ്രതിയെ കുളത്തുപ്പു പോലീസ് സംഘം മടത്തറയില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രി പിടികൂടി വൈദ്യപരിശോധനക്കും തെളിവെടുപ്പിനും ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.