ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ , ഔദ്യോ​ഗിക പരിപാടികൾ ഒഴിവാക്കി

ലണ്ടൻ: ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് കാൻസർ സ്ഥിരീകരിച്ചുതായി ബക്കിങ്ഹാം കൊട്ടാരം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജാവിന്റെ ആഗ്രഹ പ്രകാരമാണ് രോഗവിവരം പരസ്യപ്പെടുത്തുന്നതെന്ന് കൊട്ടാരം അധികൃതർ വിശദീകരിച്ചു. പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്ത് തരം അർബുദം ആണെന്നോ ഏത് ഘട്ടത്തിൽ ആണെന്നോ വ്യക്തമാക്കിയിട്ടില്ല.

പ്രോസ്റ്റേറ്റ് കാൻസർ അല്ലെന്ന് ബക്കിങ്ഹാം കൊട്ടാരം വ്യക്തമാക്കി.ചാൾസ് പൊതു പരിപാടികൾ ഒഴിവാക്കി, ചികിത്സ ആരംഭിച്ചു. രാജാവ് എന്ന പദവിയിൽ അദ്ദേഹം തുടരുമെന്ന് കൊട്ടാരം അറിയിച്ചു. മക്കളായ വില്യം, ഹാരി എന്നിവരെ ചാൾസ് തന്നെ രോഗ വിവരം അറിയിച്ചു. അമേരിക്കയിൽ കഴിയുന്ന ഹാരി ഉടൻ നാട്ടിലേക്ക് തിരിക്കും.

എത്രയും വേഗം രോഗം ഭേദമാകട്ടെ എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ആശംസിച്ചു. 2022 സെപ്റ്റംബർ 8ന് എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെയാണ് 75കാരനായ ചാൾസ് മൂന്നാമൻ രാജാവായി അധികാരമേറ്റത്.