കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി, 10 ലക്ഷം നഷ്ടപരിഹാരം

തിരുവനന്തപുരം : വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയും അജീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും നല്‍കാൻ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകൾ സർക്കാർ ഏറ്റെടുക്കുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

അജീഷിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 ലക്ഷംരൂപ തിങ്കളാഴ്ച തന്നെ നല്‍കും. കുടുംബത്തിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം സര്‍ക്കാര്‍തലത്തില്‍ അനുകൂലമായി പരിഗണിക്കും.ഭാര്യയ്ക്ക് ജോലി നൽകണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സംസാരിച്ചിട്ടുണ്ട്. സ്ഥിരം ജോലിക്കുള്ള ശുപാർശ ഉടൻതന്നെ നൽകും. 10 ലക്ഷത്തിന് പുറമെ 40 ലക്ഷം കൂടി നൽകണമെന്ന ആവശ്യത്തിൽ അനുകൂല റിപ്പോർട്ട് നൽകുമെന്നും കളക്ടർ രേണു രാജ് മാധ്യമങ്ങളെ അറിയിച്ചു.

ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് വീടിന്റെ ഗേറ്റ് തകർത്ത് അകത്തു കയറിയ കാട്ടാനയുടെ ആക്രമണത്തിൽ ട്രാക്ടർ ഡ്രൈവറായ അജീഷ് കൊല്ലപ്പെടുന്നത്.ആനയെ കണ്ട് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടർന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്.