തിരുവനന്തപുരം: കേരളത്തിന് കേന്ദ്ര സഹായമെന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ.നികുതി വിഹിതമായി 2736 കോടി രൂപയും ഐജിഎസ്ടിയുടെ സെറ്റിൽമെന്റായി 1386 കോടി രൂപയുമാണ് കഴിഞ്ഞ ദിവസം ലഭ്യമാക്കിയത്.കേന്ദ്ര നികുതി വിഹിതം മാസ ഗഡുവായാണ് അനുവദിക്കുന്നത്. ഇത്തവണയും ആ തുകയാണ് ലഭ്യമാക്കിയത്.
അന്തർ സംസ്ഥാന ചരക്ക് നീക്കത്തിനും സേവനത്തിനും ഇടാക്കുന്ന ഐജിഎസ്ടി കേന്ദ്ര ഖജനാവിലാണ് എത്തുക. ഇത് സംസ്ഥാനങ്ങൾക്ക് വിഭിജിച്ചു നൽകുന്നതാണ് രീതി. സംസ്ഥാനത്തിന് അവകാശപ്പെട്ട ഐജിഎസ്ടി വിഹിതം അനുവദിച്ചതും കേന്ദ്ര സഹായമല്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.കേരളത്തിന് മാത്രമല്ല, എല്ലാ സംസ്ഥാനത്തിനും ആനുപാതിക വിഹിതം ലഭിച്ചിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.
കേരളത്തിന് അർഹമായും ലഭിക്കേണ്ട 13,609 കോടി രൂപയുടെ വായ്പാനുമതി കേന്ദ്രം നിഷേധിച്ചിരിക്കുകയാണ്. സുപ്രീം കോടതിയിൽ സംസ്ഥാനം നൽകിയ പരാതി പിൻവലിച്ചാൽ ഈ അനുമതി നൽകാമെന്നാണ് കേന്ദ്ര സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ വർധിച്ച ചെലവുകൾ വഹിക്കാൻ സംസ്ഥാനത്തിന് ഉപയോഗിക്കാനാകുന്ന തുകയാണ് ഒരു കാരണവുമില്ലാതെ തടഞ്ഞുവച്ചിരിക്കുന്നത്. എന്നാൽ, മറ്റ് സംസ്ഥാനങ്ങൾക്ക് ഇത്തരം തുകകൾ എടുക്കുന്നതിനുള്ള അനുമതികൾ നൽകിയിട്ടുമുണ്ടെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കി.