സമരം ശക്തമാക്കും,മാര്‍ച്ച് 10ന് രാജ്യവ്യാപകമായി കര്‍ഷകർ ട്രെയിൻ തടയും

ചണ്ഡീഗഡ്: സമരം ശക്തമാക്കാനൊരുങ്ങി കർഷ സംഘടനകൾ. മാർച്ച് പത്തിന് രാജ്യവ്യാപകമായി ട്രെയിൻ തടയൽ സമരത്തിന് കർഷക പ്രതിഷേധത്തിനിടെ പോലീസ് ആക്രമണത്തില്‍ മരിച്ച കര്‍ഷകന്‍റെ ജന്മദേശമായ പഞ്ചാബിലെ ബല്ലോഹ് ഗ്രാമത്തില്‍ വെച്ച് കര്‍ഷക നേതാക്കളായ സര്‍വാന്‍ സിങ് പാന്ഥറും ജഗ്ജിത് സിങ് ദല്ലേവാലും ആഹ്വാനം ചെയ്തു. മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് തീരുമാനം.

പഞ്ചാബ് – ഹരിയാന അതിര്‍ത്തിയില്‍ തങ്ങി സമരം തുടരുകയാണ് കർഷകർ. തങ്ങൾ ഉയർത്തിയ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കാത്ത പക്ഷം സമരമുറകൾ കടുപ്പിക്കുമെന്നും നേതാക്കൾ പറയുന്നു.മാർച്ച് 10 ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ 4 വരെ രാജ്യവ്യാപകമായി ട്രെയിൻ തടയല്‍ സമരത്തിനാണ് കർഷകർ ആഹ്വാനം ചെയ്തിരിക്കുന്നത്.പഞ്ചാബിലെ പഞ്ചായത്തുകൾ കര്‍ഷകരുടെ ആവശ്യങ്ങളെ പിന്തുണച്ച് പ്രമേയം പാസാക്കണമെന്നും കര്‍ഷക നേതാക്കൾ ആവശ്യപ്പെട്ടു.

മിനിമം താങ്ങുവില ഉറപ്പുനല്‍കുന്ന ഒരു നിയമം, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, കാര്‍ഷിക കടം എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്.

സമരത്തില്‍ രണ്ട് സംഘടനകള്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നും പഞ്ചാബില്‍ മാത്രം ഒതുങ്ങുന്നതാണെന്നുമുള്ള പ്രതീതി സൃഷ്ടിക്കാൻ കേന്ദ്രം ശ്രമിക്കുന്നുണ്ട്. രാജ്യത്തെ 200 ഓളം സംഘടനകള്‍ സമരത്തില്‍ പങ്കാളികളാണെന്നും കർഷക നേതാക്കൾ പറഞ്ഞു.ഡല്‍ഹി ചലോ’ മാര്‍ച്ച് തടയാന്‍ കേന്ദ്രം എല്ലാ തന്ത്രങ്ങളും ഉപയോഗിക്കുകയാണെന്നും മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നും ബുധനാഴ്ചയോടെ സമാധാനപരമായി കർഷകർ ഡൽഹിയിലേക്ക് നീങ്ങാൻ ആരംഭിക്കുമെന്നും കർഷക നേതാക്കൾ വ്യക്തമാക്കി.