ഇന്ന് കെഎസ്‍യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കെഎസ്‍യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. പൂക്കോട് വെറ്ററിനറി സ‍ർവകലാശാല ആസ്ഥാനത്തേക്ക് കെഎസ്‍യു – എംഎസ്എഫ് പ്രവർ‍ത്തക‍ർ നടത്തിയ മാർച്ചിനുനേരെ പോലീസ് അതിക്രമം ഉണ്ടായെന്ന് ആരോപിച്ചാണ് കെഎസ്‍യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.സംസ്ഥാന വ്യാപകമായി പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രവ‍ർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. പോലീസിന് നേരെ കല്ലേറുണ്ടായതോടെ ലാത്തിച്ചാർജും നടത്തി. സംഭവത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ടി സിദ്ദിഖ് എംഎൽഎ ഉൾപ്പെടെ എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഇതിനു പിന്നാലെയാണ് കെഎസ്‍യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.

പരീക്ഷാ സമയത്ത് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി.