വീണ്ടും നരബലി, നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി

ഇടുക്കി : കട്ടപ്പനയില്‍ നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി. ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. നരബലിയെന്ന് പൊലീസ്.മോഷണക്കേസില്‍ പിടിയിലായ കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു (27), പുത്തന്‍പുരയ്ക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് എന്നീ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തു വന്നത്.

വിഷ്ണുവിന്റെ പിതാവ് വിജയന്‍, സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് നഗരത്തിലെ വര്‍ക്ക്‌ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്തത്.കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയില്‍ കുഴിയെടുത്ത് മൃതദേഹങ്ങള്‍ കുഴിച്ചിടുകയായിരുന്നു.

നിതീഷിന് കൂട്ടുകാരനായ വിഷ്ണുവിന്റെ സഹോദരിയില്‍ പിറന്ന കുട്ടിയെയാണ് കൊലപ്പെടുത്തിയത്. ഗന്ധര്‍വന് കൊടുക്കാന്‍ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്നും വാങ്ങിക്കൊണ്ടുപോയത്. നിതീഷാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയതെന്നാണ് വിവരം.