ആര്‍എല്‍വി രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമുള്ള കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശത്തിനു പ്രതികരണവുമായി ആര്‍എല്‍വി രാമകൃഷ്ണന്‍. എൻ്റെ കറുപ്പാണ് എൻ്റെ അഴക്. എൻ്റെ കുലത്തിൻ്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും എൻ്റെ ഏഴയലത്ത് വരില്ല..മോളെ’ രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
” പ്രിയ കലാ സ്നേഹികളെ,
കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും . എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ സത്യസന്ധതയോടെ പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ.
4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്.
ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു.UgC യുടെ അസിസ്റ്റൻ്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.
കലാമണ്ഡലം പേരോടു ചേർത്ത ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു.
ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്.ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും.”രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.