ജര്‍മനിയുടെ നടപടിയില്‍ ശക്തമായ പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂഡല്‍ഹി : മദ്യനയ അഴിമതി കേസില്‍ ആം ആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതികരിച്ച ജര്‍മനിയുടെ നടപടിയില്‍ ശക്ത.മായ പ്രതിഷേധമറിയിച്ച് ഇന്ത്യ.നിയമ സംവിധാനങ്ങള്‍ പാലിച്ചു പോരുന്ന ഊര്‍ജ്ജസ്വലമായ ജനാധിപത്യരാജ്യമാണ് ഇന്ത്യ. രാജ്യത്തെ എല്ലാ കേസുകളെയും പോലെ, ലോകത്തെ മറ്റേത് ജനാധിപത്യ രാജ്യത്തെയും പോലെ ഇക്കാര്യത്തിലും നിയമം വ്യക്തമായ തീരുമാനമെടുക്കുമെന്നും അനാവശ്യമായ ഊഹാപോഹങ്ങള്‍ നടത്തരുതെന്നും ഇന്ത്യ ജര്‍മനിയെ അറിയിച്ചു.

ജര്‍മന്‍ ഡെപ്യുട്ടി അംബാസിഡര്‍ ജോര്‍ജ് എന്‍സൈ്വലറെ വിളിച്ചു വരുത്തിയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചത്. “ന്യൂഡൽഹിയിലെ ജർമ്മൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ ഇന്ന് വിളിച്ചുവരുത്തി, ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ വിദേശകാര്യ വക്താവിൻ്റെ അഭിപ്രായത്തിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം അറിയിച്ചു, അത്തരം പരാമർശങ്ങൾ നമ്മുടെ ജുഡീഷ്യൽ പ്രക്രിയയിൽ ഇടപെടുന്നതും നമ്മുടെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ തുരങ്കം വയ്ക്കുന്നതുമായാണ് ഞങ്ങൾ കാണുന്നത് ”- ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

കെജ്രിവാളിന് നീതിയുക്തവും നിഷ്പക്ഷവുമായ വിചാരണയ്ക്ക് അവകാശമുണ്ടെന്നും കേസില്‍ ജുഡിഷ്യറിയുടെ നിഷ്പക്ഷതയും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളും ഉറപ്പാക്കണമെന്നും ഞങ്ങള്‍ അനുമാനിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു, എന്നായിരുന്നു ജര്‍മനിയുടെ പ്രതികരണം.