ആം ആദ്മി പാർട്ടിയുടെ പ്രധാനമന്ത്രിയുടെ വസതി വളയൽ, മാര്‍ച്ചിന് പോലീസ് അനുമതി ഇല്ല

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് മദ്യനയ കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ ആം ആദ്മി പാർട്ടി (AAP) പ്രവർത്തകരും നേതാക്കളും ഇന്ന് പ്രധാനമന്ത്രിയുടെ വസതി വളഞ്ഞ് പ്രതിഷേധിക്കാൻ പോലീസ് അനുമതി നൽകിയില്ല. അനുമതിയില്ലാതെ തന്നെ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.

ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം കണക്കിലെടുത്ത് ഡൽഹി പോലീസ് നഗരത്തിൽ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. തുഗ്ലക് റോഡ്, സഫ്ദർജങ് റോഡ്, കമാൽ അത്താതുർക്ക് മാർഗ് എന്നിവിടങ്ങളിൽ വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ലെന്ന് ട്രാഫിക് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അരബിന്ദോ ചൗക്ക്, സാമ്രാട്ട് ഹോട്ടലിലെ റൗണ്ട് എബൗട്ടുകൾ, ജിംഖാന പോസ്റ്റ് ഓഫിസ്, തീൻ മൂർത്തി ഹൈഫ, നിതി മാർഗ്, കൗടില്യ മാർഗ് എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ ഗതാഗതം വഴിതിരിച്ചുവിടുമെന്നും റിപ്പോർട്ടുണ്ട്.

മോദി കാ സബ്സാ ബടാ ഡര്‍ കെജ്‌രിവാളിൾ എന്ന ഹാഷ് ടാഗോടെ  പ്രൊഫൈൽ ചിത്രങ്ങൾ പുറത്തിറക്കി കൊണ്ട് കെജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് പ്രൊഫൈൽ പിക്ചര്‍ ക്യാമ്പയിനുമായി എഎപി രംഗത്തെത്തി.