ഞാനും എന്‍റെ കുടുംബവും ഒപ്പമുണ്ടാകും, നിങ്ങളുമുണ്ടാകണം ഈ മനുഷ്യസ്നേഹിയോടൊപ്പം, ഇന്നസെന്‍റിന്‍റെ ഓർമ്മദിനത്തിൽ മകൻ സോനറ്റ്

തൃശൂർ: ഇന്ന് ഇന്നസെന്റിന്റെ ഓർമ്മ ദിനം.കഴിഞ്ഞവർഷം മാർച്ച് 26നായിരുന്നു ഇന്നസെന്‍റ് വിടപറഞ്ഞത്.ഇന്നസെന്‍റുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്ന രാഷ്ട്രീയ നേതാവാണ് വിഎസ് സുനിൽ കുമാർ. സുനിൽ കുമാറിന്‍റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സമയത്തായിരുന്നു ഇന്നസെന്‍റിന്‍റെ ജന്മദിനം. അന്ന് ഇന്നസെന്‍റും സുനിൽ കുമാറും ഒരുമിച്ചുള്ള ചിത്രമായിരുന്നു ഇന്നസെന്‍റിന്‍റെ മകൻ സോനറ്റ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇന്ന് അപ്പച്ചന്‍റെ ജന്മദിനം. ഈ ഫോട്ടോ നിങ്ങളുമായി പങ്കുവയ്ക്കാൻ ഇതിലും നല്ല ഒരു ദിവസം ഞാൻ കാണുന്നില്ല. അത്രമേൽ ഇഷ്ടമായിരുന്നു വിഎസ് സുനിൽകുമാറിനോട്. ഞാനും എന്‍റെ കുടുംബവും ഒപ്പം ഉണ്ടാകും എന്നും എപ്പോഴും, നിങ്ങളും ഉണ്ടാകണം ഈ മനുഷ്യസ്നേഹിയോടൊപ്പം’ എന്ന ക്യാപ്ഷനോടെയാണ് സോനറ്റിന്‍റെ കുറിപ്പ്.

സ്നേഹം, സൗഹൃദം, എന്‍റെ സഖാവ് എന്ന ക്യാപ്ഷനോടുകൂടിയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിഎസ് സുനിൽ കുമാറിന്‍റെ അനുസ്മരണം. ‘പ്രിയപ്പെട്ട ഇന്നസെന്‍റേട്ടൻ വിടപറഞ്ഞിട്ട് ഒരു വർഷം. നല്ല ചങ്ങാതിയായും സഖാവായും വെള്ളിത്തിരയിൽ അങ്ങേയറ്റം അർപ്പണബോധത്തോടെ മികച്ച നടനായും ജീവിച്ച അദ്ദേഹം നമ്മുടെയെല്ലാം മനസ്സിലും ഓർമ്മകളിലും ഒരു നിർമ്മലചിരിയായി നിറഞ്ഞുനിൽക്കുന്നു. പ്രിയപ്പെട്ട ജ്യേഷ്ഠസഹോദന്‍റെ സ്നേഹസ്മരണകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നു.’ വിഎസ് സുനിൽ കുമാർ കുറിച്ചു.

ചാലക്കുടിയിലെ ഇടത് സ്ഥാനാർഥി പ്രൊഫസർ രവീന്ദ്രനാഥ് ഇന്നസെന്‍റിന്‍റെ കുടുംബത്തോടൊപ്പം കല്ലറയിലെത്തി പുഷ്പങ്ങൾ അർപ്പിച്ചു.