ദുഃഖവെള്ളി ദിനത്തിൽ ദേവാലയങ്ങൾ ഭക്തിസാന്ദ്രമായി കുരിശുമരണത്തിന്‍റെ ഓര്‍മ്മ പുതുക്കി

കൊച്ചി : പീഡാനുഭവത്തിന്റെയും കുരിശു മരണത്തിന്റെയും സ്മരണകളിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദു:ഖവെള്ളി ആചരിച്ചു.ക്രിസ്തുവിന്‍റെ കാല്‍വരി യാത്രയും പീഡനാനുഭവവും കുരിശുമരണത്തിന്റെയും ഓർമ്മ പുതുക്കലാണ് ദുഃഖവെള്ളി. ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ നടന്നു.യേശുവിന്‍റെ മൃതദേഹത്തിന്‍റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള ചടങ്ങും ദുഃഖ വെള്ളിയുടെ ഭാഗമായി ഇന്ന് മിക്ക പള്ളികളിലും നടക്കും.

രാത്രി കല്ലറയില്‍ അടക്കം ചെയ്യുന്നതിന്‍റെ പ്രതീകമായി രൂപം പെട്ടിയില്‍ അടച്ചശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ അവസാനിക്കുന്നത്. എല്ലാ ക്രൈസ്‌തവ ദേവാലയങ്ങളിലും പ്രത്യേക തിരുക്കർമ്മങ്ങളും പരിഹാര പ്രദക്ഷിണവും നടന്നു.പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസത്തെ ക്രിസ്തീയ ജിവിതത്തിലെ ഏറ്റവും വിശുദ്ധദിനങ്ങളായിട്ടാണ് കണക്കാക്കുന്നത്.

സിറോ മലബാര്‍ സഭ അധ്യക്ഷൻ, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്‍റ് മേരീസ് ആര്‍ക്കി എപ്പിസ്കോപ്പല്‍ പള്ളിയില്‍ ദുഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.ലത്തീൻ സഭ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്, ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്‍റ് ഫ്രാൻസീസ് അസീസി കത്തീഡ്രലില്‍ ഇന്ന് വൈകുന്നേരം ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും.

മലയാറ്റൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ വിശ്വാസികൾ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി.