തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും കടലാക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്തും ആലപ്പുഴയിലും തൃശൂരും കടലാക്രമണം രൂക്ഷം. പൂവാർ മുതൽ പൂന്തുറ വരെ തീരമേഖലയിൽ കടൽ കയറി. വീടുകളിലേക്കും റോഡുകളിലേക്കും വെള്ളം ഇരച്ചെത്തി.തീരത്ത് കയറ്റിയിട്ട ബോട്ടുകൾക്ക് കേടുപാടുണ്ടായി.മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഉണ്ടാകുന്ന പ്രതിഭാസമാണ് കള്ളക്കടൽ. ഈ പ്രഭാ​സം മൂന്ന് ദിവസം വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ആലപ്പുഴയിൽ പുറക്കാട് വളഞ്ഞവഴി, പള്ളിത്തോട് എന്നിവിടങ്ങളിലും കടലാക്രമണം രൂക്ഷമാണ്. പുറക്കാട് വള്ളങ്ങൾ തീരത്ത് നിന്ന് നീക്കി. പള്ളിത്തോട് വീടുകളിൽ വെള്ളം കയറി. കടൽ ഭിത്തിയുള്ളതിനാൽ ആറാട്ടുപുഴയിൽ കാര്യമായ പ്രശ്നങ്ങളില്ല.തൃശൂരിൽ പെരിഞ്ഞനം, കൈപ്പമംഗലം, വഞ്ചിപ്പുര എന്നിവിടങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.

സംസ്ഥാനത്താകെ തീരദേശത്ത് ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്.ഉയർന്ന ശക്തമായ തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.