ന്യൂ ഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്‍റെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 15 വരെ നീട്ടി. കേജ്‌രിവാളിനെ ഇന്ന് വൈകിട്ടോടെ തിഹാർ ജയിലിലേക്ക് മാറ്റും.അരവിന്ദ് കേജ്‌രിവാളിന്‍റെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ED) കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിച്ചിരുന്നു.രാവിലെ 11:30 ഓടെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം നിഷേധിക്കുകയും ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു.ചോദ്യം ചെയ്യലില്‍ കേജ്‌രിവാള്‍ തുടരുന്ന നിസ്സഹകരണ മനോഭാവം ചൂണ്ടിക്കാട്ടി പതിനഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി വേണമെന്ന ഇഡിയുടെ ആവശ്യം അതുപോലെ കോടതി അംഗീകരിച്ചു.കോടതിയില്‍ ഹാജരായ അവസരത്തില്‍ തന്‍റെ നിലപാടില്‍ ഉറച്ചു നിന്ന കേജ്‌രിവാള്‍. പ്രധാനമന്ത്രി മോദി ചെയ്യുന്നത് രാജ്യത്തിന് നല്ലതല്ല എന്നും പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയുടെ ഭാര്യയുടെ ഒരു മൊബൈൽ ഫോണിൽ നിന്ന് തങ്ങൾ വിവരങ്ങള്‍ എക്‌സ്‌ട്രാക്‌റ്റുചെയ്‌തതായും നിലവിൽ അത് വിശകലനം ചെയ്യുന്നതായും ഏജൻസി കോടതിയെ അറിയിച്ചു. 2024 മാർച്ച് 21 ന് അരവിന്ദ് കേജ്‌രിവാളിന്‍റെ വസതിയിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത മറ്റ് നാല് ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള ഡാറ്റ ഇതുവരെ എക്‌സ്‌ട്രാക്‌റ്റുചെയ്‌തിട്ടില്ലെന്ന് ഇ ഡി അറിയിച്ചു.
അഭിഭാഷകനുമായി ആലോചിച്ചശേഷം പാസ്‌വേഡ്/ലോഗിൻ ക്രെഡൻഷ്യലുകൾ നൽകാൻ കേജ്‌രിവാൾ സമയം അഭ്യർത്ഥിച്ചതിനാലാണിതെന്നും എക്‌സൈസ് പോളിസി കേസിൽ ഉൾപ്പെട്ടിരിക്കുന്ന ചില വ്യക്തികളുമായി കേജ്‌രിവാളിന്‍റെ മുഖാമുഖം നടത്തേണ്ടതായിട്ടുണ്ടെന്നും ഇഡി കോടതിയില്‍ പറഞ്ഞു. ജയിലിലുള്ള കേജ്‌രിവാൾ ഭാര്യ സുനിതയിലൂടെ അദ്ദേഹത്തിന്‍റെ നിർദ്ദേശങ്ങൾ കാബിനറ്റ് അംഗങ്ങളെ അറിയിയ്ക്കുന്നു.