തിരുവനന്തപുരം: അടിയന്തരാവസ്ഥയിൽ കണ്ട അതേ ഇന്ത്യയാണ് ഇന്ന് ബി.ജെ പി ഭരണത്തിൽ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ബിബിസിയുടെ ഇന്ത്യൻ ന്യൂസ് റൂം പ്രവർത്തനം നിർത്തിയ വാർത്ത കഴിഞ്ഞ ദിവസം നമ്മൾ കണ്ടു. ആദായനികുതി വകുപ്പിൻറെ തുടർച്ചയായ പകപോക്കൽ നടപടികൾ മൂലമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ ബിബിസി നിർബന്ധിതരായത് എന്നാണ് വാർത്ത.
അനുസരണയോടെ മുട്ടിലിഴയുന്ന മാധ്യമങ്ങളെയാണ് അവർക്കാവശ്യം. ഭീഷണിപ്പെടുത്തിയിട്ടും വരുതിയിൽ വന്നില്ലെങ്കിൽ അവയെ ഇല്ലാതാക്കുക എന്നതാണ് ബി.ജെ പി ഭരണകൂടത്തിന്റെ പൊതുവായ നയം. ബിബിസി വിഷയത്തിലും അതാണ് കണ്ടത്. സംഘപരിവാറിന് അനുകൂലമല്ലാത്ത വാർത്തകൾ നൽകുന്ന മാധ്യമപ്രവർത്തകരെ കയ്യൂക്കുപയോഗിച്ച് വേട്ടയാടുന്നത് രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്.ബിജെപി ഭരണത്തിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതായി. സംഘപരിവാർ ഭരണകൂടത്തിൻറെ സ്തുതിപാഠകരായി മാറാത്ത എല്ലാ മാധ്യമങ്ങളെയും വേട്ടയാടുന്നത് തുടരുകയാണ്.
2020 ജനുവരി മാസത്തിൽ ഡൽഹിയിൽ നടന്ന മുസ്ലിം വിരുദ്ധ കലാപം റിപ്പോർട്ട് ചെയ്ത കുറ്റത്തിന് രണ്ട് ചാനലുകളുടെ ലൈസൻസ് എടുത്തു കളയുന്ന സ്ഥിതിയുണ്ടായി. ഇതിൽ ഒരു ചാനൽ തങ്ങളുടെ ഡൽഹി ബ്യൂറോയിലെ റിപ്പോർട്ടറെ ബലി കൊടുത്തുകൊണ്ട് കേന്ദ്ര ഭരണകൂടത്തിനും സംഘപരിവാറിനും മുന്നിൽ നട്ടെല്ല് വളച്ചു മാപ്പു പറഞ്ഞു. രണ്ടാമത്തെ ചാനൽ സുപ്രീം കോടതി വരെ പൊരുതി. പിന്നീട് സുപ്രീം കോടതി ഇടപെട്ട് ലൈസൻസ് പുനസ്ഥാപിച്ചു. ഈ വിഷയത്തിൽ കേരളത്തിലെ മാധ്യമങ്ങളിൽ ആരൊക്കെ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ചു മുന്നോട്ടുവന്നു?
ഇന്ന് കേരളം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണം കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയും വിവേചനവും പ്രതികാര ബുദ്ധിയുമാണ്. അത് പൂർണമായും മറച്ചു വെച്ച് കേരളമെന്തോ കടമെടുത്ത് മുടിയുകയാണെന്നാണ് യുഡിഎഫും ബിജെപിയും പറയുന്നത്.പലരും ചിത്രീകരിക്കാൻ ശ്രമിക്കുന്നത് പോലെയുള്ള കടക്കെണിയിലുമല്ല നമ്മുടെ സംസ്ഥാനം. വരവ് ചെലവുകളിലെ പൊരുത്തക്കേടുകൾ പരിഹരിച്ച് സംസ്ഥാനങ്ങൾ സാമ്പത്തിക പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത് കടമെടുപ്പ് വഴി തന്നെയാണ്. കേന്ദ്രസർക്കാരും ഇത് തന്നെയാണ് ചെയ്യുന്നത്.
ധനകാര്യ മിസ്മാനേജ്മെന്റ് എന്ന് കേന്ദ്രം ആക്ഷേപിക്കുന്ന അതേ സമയത്താണ് പൊതുവിദ്യാഭ്യാസം, പൊതുജനാരോഗ്യം, കുറഞ്ഞ മാതൃശിശു മരണനിരക്കുകൾ, സുസ്ഥിര വികസനം, ക്രമസമാധാനം തുടങ്ങി നിരവധി മേഖലകളിൽ കേന്ദ്രസർക്കാരിന്റെ നീതിആയോഗ് ഉൾപ്പെടെ 24 അവാർഡുകൾ കേരളത്തിന് സമ്മാനിച്ചത്.അടിസ്ഥാന സൗകര്യവികസനത്തിലെ പിന്നോക്ക അവസ്ഥ മാറ്റാൻ കിഫ്ബിയെ ശാക്തീകരിച്ച് ഉപയോഗിച്ചതിലൂടെ പരിഹരിക്കാൻ കഴിഞ്ഞത്.
വികസനപ്രവർത്തനങ്ങൾക്ക് ഭരണപക്ഷ പ്രതിപക്ഷ ഭേദം ഉണ്ടായിട്ടില്ല. കിഫ്ബിയുടെ വികസന പദ്ധതികൾ ഇല്ലാത്ത ഏതെങ്കിലും നിയമസഭ മണ്ഡലം ഉണ്ടോ. ആ പ്രവർത്തനങ്ങളെ സ്വന്തം നേട്ടമാക്കി ചിത്രീകരിക്കാൻ പലരും ശ്രമിക്കുന്നത് ജനങ്ങൾ കണ്ടതാണല്ലോ. റോഡ്, പാലങ്ങൾ, മലയോര തീരദേശ ഹൈവേകൾ, ജലവിതരണ പദ്ധതികൾ തുടങ്ങി സമാനകളില്ലാത്ത വികസനപ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ നടന്നു. ഇപ്പോൾ പല ഏജൻസികളെയും ഇറക്കി വിരട്ടാനാണ് നോക്കുന്നത്.
ശത്രുതാ മനോഭാവത്തോടെയാണ് കോൺഗ്രസും ബിജെപിയും കേരളത്തെ കാണുന്നത്.അതിനെതിരെയുള്ളൊരു വികാരം പൊതുവെ ഉയർന്ന് വന്നിരിക്കുകയാണ്. അതിനനുസൃതമായ വിധിയായിരിക്കും സംസ്ഥാനത്തുണ്ടാകുക.ആ വിധിയെ യുഡിഎഫും ബിജെപിയും ഒരുപോലെ ഭയപ്പെടുകയാണ്. തെരഞ്ഞെടുപ്പ് ചർച്ചകളിൽ നിന്ന് ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളും നാട് നേരിടുന്ന വെല്ലുവിളികളും ഒഴിവാക്കാനാണ് ഈ രണ്ട് കൂട്ടരും നിരന്തരമായി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.