ഭാര്യയെയും സുഹൃത്തിനെയും മാനസിക അടിമയാക്കിയ നവീന്‍ തന്നെ മുഖ്യസൂത്രധാരൻ.പോലീസ്

തിരുവനന്തപുരം: അരുണാചലിലെ മലയാളികളുടെ മരണത്തിൽ മുഖ്യസൂത്രധാരൻ നവീൻ തന്നെയെന്ന് അന്വേഷണ സംഘം ചേർന്ന യോഗത്തിലാണ് വിലയിരുത്തൽ.അരുണാചൽ പ്രദേശ് തിരഞ്ഞെടുത്തത് വിശ്വാസത്തിന്റെ ഭാഗമായാണെന്നും സംഭവം 7 വർഷം മുൻപ് നവീൻ ആസൂത്രണം ചെയ്തതെന്നും അന്വേഷണസംഘം വ്യക്തമാക്കി.

പ്രളയം വന്ന് ഭൂമി നശിക്കുമെന്നും അതിന് മുൻപ് അന്യഗ്രഹത്തില്‍പോയി ജനിച്ച് ജീവിക്കണമെന്നും നവീൻ ഭാര്യ ദേവിയേയും ദേവിയുടെ സുഹൃത്തായിരുന്ന ആര്യയെയും വിശ്വസിച്ചിപ്പിരുന്നു. അന്യഗ്രഹജീവിതം സാധ്യമാകുമെന്ന വിശ്വാസത്തിലാണ് ഉയർന്ന പ്രദേശം തിരഞ്ഞെടുത്തത്.ദേവി വഴിയാണ് ആര്യയിലേക്ക് ഈ ചിന്ത വന്നതെന്നാണ് പൊലീസിന്‍റെ നിഗമനം. തന്‍റെ വിശ്വാസത്തോടൊപ്പം നിന്ന ഭാര്യയെയും സുഹൃത്തിനെയും നവീന്‍ മാനസിക അടിമയാക്കി.

ഒരു നാള്‍ പ്രളയം വരും, ലോകം നശിക്കും, അന്ന് ഉയരമേറിയ പ്രദേശത്ത് ജീവിച്ചാല്‍ മാത്രമേ ജീവന്‍ സംരക്ഷിക്കാന്‍ കഴിയൂ എന്നായിരുന്നു നവീന്‍റെ വിശ്വാസം. ഈ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത മറ്റൊരു ലോകമുണ്ടെന്നും അവിടെ പുനര്‍ജനിക്കണമെന്നുമായിരുന്നു നവീന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. .തന്‍റെ ചിന്തകള്‍ അടുത്ത ചില സുഹൃത്തുക്കളോടും നവീന്‍ പങ്കുവെച്ചിരുന്നു.ഭാര്യ ദേവിയായിരുന്നു നവീന്‍റെ ചിന്തയില്‍ വിശ്വസിച്ചത്.

ഒന്നര വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ നവീനും ഭാര്യയും അരുണാചലിലെ ഈസ്റ്റ്കാമെങ് ജില്ലയില്‍  പോയി ബുദ്ധ വിഹാരങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നവീന്‍, ദേവി, ആര്യ എന്നിവരുടെ വീടുകളില്‍ പൊലീസ് വിശദമായ പരിശോധന നടത്തി.ബന്ധുക്കളില്‍ നിന്ന് മൊഴിയും പൊലീസ് രേഖപ്പെടുത്തി.ഈ ആശയങ്ങള്‍ നവീന് ആരു പറഞ്ഞു കൊടുത്തു, ഇമെയില്‍ സന്ദേശത്തിന് പിന്നില്‍ മറ്റാരെങ്കിലുമാണോ എന്നതാണ് പൊലീസ് ഇനി പരിശോധിക്കുന്നത്.മരിച്ച മൂന്ന് പേരുടെയും നാലു വര്‍ഷത്തെ ജീവിതചര്യകള്‍ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു