തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ മക്കൾ ബിജെപിയിൽ പോകുന്നത് തെറ്റാണ്.മക്കളെ പറ്റി തന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. താൻ ആ ഭാഷ ശീലിച്ചിട്ടില്ല. കെ എസ് യു കാലം മുതൽ കുടുംബം വേറെ രാഷ്ട്രീയം വേറെ എന്നാണ് എന്റെ നിലപാട്.പത്തനംതിട്ടയിൽ തൻറെ മകൻ അനിൽ ആന്റണി തോൽക്കണമെന്നും ആന്റോ ആന്റണി ജയിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കേരളത്തിൽ ബിജെപിയുടെ സുവർണ കാലം കഴിഞ്ഞു. തന്റെ മതം കോൺഗ്രസ് ആണ്. ബിജെപി എല്ലായിടത്തും മൂന്നാം സ്ഥാനത്താകുമെന്നും ആന്റണി പറഞ്ഞു.നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഭരണഘടനാമൂല്യങ്ങൾ അട്ടിമറിക്കപ്പെടും. ബിജെപി സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ ജനാധിപത്യത്തിന്റെ അന്ത്യത്തിനു തുടക്കമാകും. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കേന്ദ്രത്തിൽ ബിജെപി ഭരണം അവസാനിപ്പിക്കണമെന്നും അതാണ് തെരഞ്ഞെടുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും ആന്റണി പറഞ്ഞു.
കേരളത്തിൽ പിണറായിയുടെ ജനദ്രോഹ നടപടികൾക്കെതിരായി 20 സീറ്റും യുഡിഎഫിനു നൽകണമെന്നും ആർഎസ്എസിന്റെ പിൻസീറ്റ് ഭരണം അവസാനിപ്പിക്കലാകണം തെരഞ്ഞെടുപ്പിന്റെ ലക്ഷ്യമെന്നും . ഇന്ത്യ മുന്നണി കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നും എ കെ ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പ് സമയമായിട്ടു പോലും പാനൂരിൽ ബോംബ് ഉണ്ടാക്കുന്നു. പണ്ട് ഇത് സ്ഥിരം പരിപാടിയായിരുന്നു.ഏറ്റവും വലിയ അബദ്ധമാണ് തുടർഭരണമെന്നും അതിന്റെ ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്നും എ കെ ആന്റണി പറഞ്ഞു.
ഭരണഘടന സംരക്ഷിക്കുന്നതിനെ കുറിച്ച് വാചാലനാകുന്ന പിണറായിയുടെ പാർട്ടിക്ക് ഭരണഘടന ഉണ്ടാക്കിയതിൽ ഒരു പങ്കുമില്ല. കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് പിണറായി വിജയന്റെ പാർട്ടിയുടെ പൂർവികർ. എന്നിട്ടും കോൺഗ്രസിനെ ആക്ഷേപിച്ചാൽ കേരളം പിണറായിക്ക് മാപ്പ് തരില്ല. അരിയാഹാരം കഴിക്കുന്ന മലയാളികൾ പിണറായിയുടെ അവകാശ വാദങ്ങൾ നിരാകരിക്കും. ഏപ്രിൽ 26ന് അതാണ് നടക്കുക.ഭരണഘടന നിർമിച്ചതിന്റെ അവകാശം കോൺഗ്രസിനും അംബേദ്‌കർക്കും മാത്രമാണെന്നും എ കെ ആന്റണി പറഞ്ഞു.