ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖറിന്റെ വക്കീൽ നോട്ടീസ്

തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിന്റെ പ്രസ്താവനക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ.നോട്ടീസ് കൈപ്പറ്റി 24 മണിക്കൂറിനകം പ്രസ്താവന പിൻവലിച്ചു പൊതുസമൂഹത്തോട് ശശി തരൂർ മാപ്പ് പറയണമെന്നും രാജീവ് ചന്ദ്രശേഖർ.ഇടവക വൈദികർ ഉൾപ്പെടെയുള്ള മണ്ഡലത്തിലെ സ്വാധീനമുള്ള വ്യക്തികൾക്ക് പണം നൽകി വോട്ട് സ്വാധീനിക്കാൻ താൻ ശ്രമിച്ചുവെന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ ശശി തരൂർ പ്രചരിപ്പിച്ചുവെന്നാണ് രാജീവ് ചന്ദ്രശേഖർ വക്കീൽ നോട്ടീസിൽ പറയുന്നത്.

തിരുവനന്തപുരത്തെ വോട്ടർമാർക്കിടയിൽ തരൂർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും തരൂരിന്റെ ആരോപണങ്ങൾ വ്യാജമാണെന്നും ഒരു പ്രത്യേക മതവിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തി സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കി തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ വേണ്ടി നടത്തുന്ന പ്രവർത്തിയാണെന്നും തരൂരിന് അയച്ച വക്കീൽ നോട്ടീസിൽ രാജീവ് ചന്ദ്രശേഖർ ആരോപിക്കുന്നു.

ആർക്കും എന്തും പറഞ്ഞു പോകാൻ കഴിയില്ലെന്നും ഒരു ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ആർജ്ജവം കാണിക്കണമെന്നും നേരത്തെ തന്നെ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. പ്രസ്താവനകൾ നടത്തി ഒരാഴ്ച കഴിഞ്ഞിട്ടും ഈ വിഷയത്തിന്മേൽ ഒന്നും പ്രതികരിക്കാൻ ശശി തരൂർ തയ്യാറാകാത്ത സാഹചര്യത്തിലാണ് നിയമ നടപടിയിലേക്ക് കടന്നതെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ഒരു മലയാളം ചാനലിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ രാജീവ് ചന്ദ്രശേഖറിനെതിരായി ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇതിനെ തുടർന്ന് എൻ ഡി എയും രാജീവ് ചന്ദ്രശേഖറും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.