തിരുവനന്തപുരം: സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുക എന്ന വമ്പൻ ലക്ഷ്യവുമായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാചകയാത്ര നടത്തിയ ബോബി ചെമ്മണ്ണൂരിന് മലയാളിയുടെ അഭിനന്ദന പ്രവാഹങ്ങൾ.
കൈയബദ്ധം മൂലം സൗദി ബാലൻ മരിക്കാനിടയായ സംഭവത്തിൽ 18 വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ് അബ്ദുൽ റഹീം.വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപയാണ് മലയാളികൾ കൈകോർത്ത് സമാഹരിച്ചത്.നാലുദിവസം മുമ്പ് വെറും അഞ്ചുകോടി രൂപ മാത്രമായിരുന്നു സഹായമായി സമിതിക്ക് ലഭിച്ചത്. എന്നാൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വാർത്ത വന്നതോടെ റഹീമിന്റെ മോചനത്തിനായി മനുഷ്യസ്നേഹികൾ കൈയയച്ച് സഹായിക്കുകയായിരുന്നു.
വ്യവസായി ബോബി ചെമ്മണ്ണൂരും ഒട്ടേറെ സന്നദ്ധപ്രവർത്തകരും റഹീമിന്റെ മോചനത്തിനായി നേരിട്ടിറങ്ങി. മോചനത്തിന് പണം സമാഹരിക്കുന്നതിനായി തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ യാചകയാത്ര നടത്തി ബോബി ചെമ്മണ്ണൂർ. പ്രവാസികളും വലിയതോതിൽ സഹായിച്ചു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായിരുന്നു ജനകീയ സമിതിയുടെ രക്ഷാധികാരികൾ.
2006ൽ റിയാദിൽ ഡ്രൈവർ ജോലിക്കെത്തിയ അബ്ദുൽ റഹീമിന്റെ സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ അൽശഹ്രിയുടെ മകനായ 15കാരൻ അനസ് അൽശഹ്രിയാണ് കൊല്ലപ്പെട്ടത്. 2006ൽ റിയാദിൽ ജോലിക്കെത്തി ഒരുമാസം തികയുംമുമ്പേയായിരുന്നു സംഭവം.ചലനശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്ദുറഹീമിന്റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവുമെല്ലാം നൽകിയിരുന്നത്. അനസുമായി വാഹനത്തിൽ പോകുന്നതിനിടെ അബദ്ധത്തിൽ കഴുത്തിലെ ഉപകരണത്തിൽ അബ്ദുൽറഹീമിന്റെ കൈ തട്ടിയതോടെ കുട്ടി മരിക്കുകയായിരുന്നു.
ചൊവ്വാഴ്ചയാണ് പണം നൽകാനുള്ള അവസാന തീയതി.വെള്ളിയാഴ്ച ഉച്ചയോടെ പണസമാഹരണം 30 കോടി കവിഞ്ഞിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് 4 കോടി രൂപ കൂടി ലഭിച്ചത്. തുക സമാഹരിക്കുന്നതിന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപ്പിന്റെ പ്രവർത്തനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈകിട്ട് 4.30 വരെ നിർത്തിവെച്ചിരുന്നു. പിരിച്ചെടുത്ത പണം ഇന്ത്യൻ എംബസി വഴി സൗദിയിലെത്തിക്കും. ഇതിനായി ധനകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി തേടാൻ ശ്രമം തുടങ്ങി.
കഴിഞ്ഞ പതിനെട്ട് വർഷമായി മകന്റെ മോചനവും കാത്ത് നിറ കണ്ണുകളോടെ പ്രാർത്ഥനയിൽ കഴിയുന്ന എഴുപത്തഞ്ചുകാരിയായ അമ്മ ഫാത്തിമയുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം. ഏതു പ്രതിസന്ധിഘട്ടത്തിലും ജാതി മത വർണ്ണങ്ങളൊന്നുമില്ലാതെ ലോകത്തിനു മാതൃകയാകുന്നതിൽ ഈ കുഞ്ഞു കേരളത്തിലെ ഓരോ മലയാളിക്കും അഭിമാനിക്കാം.