തിരുവനന്തപുരം: മനുഷ്യ ജീവനാണ് വലുതെന്നും നാല് മിനിറ്റു കൊണ്ട് ലൈസൻസ് കൊടുക്കാൻ കോടതി പറഞ്ഞാൽ കൊടുക്കുമെന്നും ഇക്കാര്യത്തിൽ ഒരു ഈഗോയ്ക്കും ഇല്ലെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ.ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ പിന്നോട്ടില്ലെന്നും, മിന്നൽ വേഗത്തിലുള്ള ലൈസൻസ് നൽകൽ ആളെ കൊല്ലാനുള്ള ലൈസൻസ് നൽകും പോലെയെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
ഡ്രൈവിങ് സ്കൂൾ മാഫിയ സംഘങ്ങളാണ് പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. മലപ്പുറത്ത് ഡ്രൈവിങ് സ്കൂൾ മാഫിയ സംഘങ്ങളുണ്ട്. ഇവർക്ക് കൂട്ടു നിൽക്കനായി ചില ഉദ്യോഗസ്ഥരും പ്രവർത്തിക്കുന്നു. ഈ ഉദ്യോഗസ്ഥർ നേരത്തെ വൻ തോതിൽ പണം വെട്ടിച്ചിരുന്നു. അഴിമതി കാണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. മലപ്പുറം ജില്ലയിലെ ആര്‍ടി ഓഫീസിൽ 3 കോടി രൂപയുടെ വെട്ടിപ്പാണ് നടന്നത്. കൂടാതെ കെഎസ്ആർടിസിയിൽ മദ്യപരിശോധന ആരംഭിച്ചതോടെ സംസ്ഥാനത്ത് അപകടങ്ങളിൽ താരതമ്യേന കുറവ് സംഭവിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഇന്ന് നടപ്പാക്കാനിരിക്കെ വിവിധ ജില്ലകളില്‍ ഡ്രൈവിങ് സ്കൂള്‍ യൂണിയനുകള്‍ പ്രതിഷേധം ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡ്രൈവിംഗ് ടെസ്റ്റ് നിർത്തിവച്ചു.