ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഫ്ലാറ്റിൽ നിന്ന് താഴേക്ക്‌ എറിഞ്ഞു കൊലപ്പെടുത്തി

കൊച്ചി: പനമ്പള്ളി നഗറിലെ വിദ്യാനഗറിൽ നവജാത ശിശുവിനെ ഫ്ലാറ്റിൽ നിന്നും താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തി.സമീപത്തുള്ള ഫ്ലാറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സിസിടിവികളിൽ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്ന ദൃശ്യം കണ്ടെത്തിയത്.ഒരു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വെള്ള തുണിയിൽ പൊതിഞ്ഞാണ് താഴേക്ക് എറിഞ്ഞത്.

മൃതദേഹം ആദ്യം കണ്ടത് ശുചീകരണ തൊഴിലാളികളാണ്.രാവിലെ എട്ടു മണിയോടെയാണ് സംഭവം നടന്നത്.21 ഫ്ലാറ്റുകളാണ് അപ്പാർട്ട്മെന്റിൽ ഉള്ളത്. ഫ്ലാറ്റുകളിൽ ഉള്ളവരുടെ കുഞ്ഞല്ല എന്നാണ് നിവാസികൾ പറയുന്ന വിവരം. കുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ചതാണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് സമീപത്തെ സിസിടിവികൾ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും എറിയുന്ന ദൃശ്യങ്ങൾ ലഭിച്ചത്.

സംഭവം നടന്നെന്ന് കരുതുന്ന ഫ്ലാറ്റിലേക്ക് പ്രവേശിക്കുന്നതിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി.ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകളിൽ പോലീസിന്റെ പരിശോധന നടക്കുന്നു.ഫ്ലാറ്റിലുള്ളവരുടെ വിവരങ്ങൾ ശേഖരിച്ച് മൊഴി രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.