മലപ്പുറം: താനൂര്‍ കസ്റ്റഡി മരണ കേസിൽ പ്രതികളായ 4 പൊലീസുകാരെ ഇന്ന് പുലര്‍ച്ചെ സിബിഐ സംഘം വീട്ടിലെത്തി അറസ്റ്റു ചെയ്തു.ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആല്‍ബിന്‍ അഗസ്റ്റിന്‍, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിന്‍ എന്നിവരാണ് അറസ്റ്റിലായത്.പ്രതികളായ നാലു പൊലീസുകാർക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരുന്നത്.
ലഹരി വസ്തുക്കളുമായി താമിര്‍ ജിഫ്രി ഉള്‍പ്പെടെ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുക്കുന്നു. ലോക്കപ്പിൽ വെച്ച് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് പുലര്‍ച്ചെ കൂടെ ഉള്ളവർ അറിയിച്ചതോടെ പുലര്‍ച്ചെ നാലര മണിക്ക് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും താമിര്‍ ജിഫ്രി മരിക്കുന്നു.കസ്റ്റഡി മർദ്ദനമാണ് മരണ കാരണമെന്ന് ബന്ധുക്കളും കൂടെയുണ്ടായിരുന്ന പ്രതികളും ആരോപിക്കുന്നു.ആശുപത്രിയിൽ എത്തിച്ച് അഞ്ചു മണിക്കൂറിനു ശേഷം മാത്രമാണ് ബന്ധുക്കളെ വിവരം അറിയിച്ചതെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നും ബന്ധുക്കൾ പറയുന്നു.
ആരോപണത്തെ തുടർന്ന് 8 പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും 4 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് താമിർ ജിഫ്രിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് സിബിഐയ്ക്ക് കൈമാറി.താമിര്‍ ജിഫ്രി അടക്കമുള്ള പ്രതികളിൽ നിന്ന് എംഡിഎംഎ പിടികൂടി എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. എഫ്എസ്എൽ റിപ്പോർട്ടിൽ വീര്യം കുറഞ്ഞ മെത്താംഫെറ്റാമിൻ ആണ് പിടികൂടിയത് എന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ച് അറസ്റ്റിലായ നാലു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കി.താനൂർ കസ്റ്റഡി മരണക്കേസ് അട്ടിമറിക്കാൻ ശ്രമമുണ്ടെന്ന മരിച്ച താമിർ ജിഫ്രിയുടെ കുടുംബത്തിന്‍റെ ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയിരുന്നു.