ന്യൂഡല്‍ഹി: റായ്ബറേലി, അമേഠി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മ അമേഠിയിലും മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ.നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്‍റെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം.നിലവിൽ വയനാട് എംപിയാണ് രാഹുൽ ഗാന്ധി.
2019ല്‍ വയനാടിന് പുറമെ അമേഠിയിൽ മത്സരിച്ച രാഹുൽ ഗാന്ധി ബിജെപി നേതാവ് സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.അമേഠിയ്ക്ക് പകരം സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലേക്ക് രാഹുൽ മാറുകയായിരുന്നു.2004 മുതൽ മൂന്ന് തവണ രാഹുൽ മത്സരിച്ച് ജയിച്ച അമേഠിയിൽ തന്നെ തുടരണമെന്ന വാദം കോൺഗ്രസിൽ ഉയർന്നിരുന്നുവെങ്കിലും റായ്ബറേലിയിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മിറ്റി അദ്ദേഹത്തെ പരിഗണിച്ചത്.
പ്രിയങ്ക ഗാന്ധി മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ കെഎൽ ശർമയെ അമേഠിയിൽ സ്ഥാനാർഥിയാക്കുകയായിരുന്നു.ഇന്ദിരാ ഗാന്ധിയും സോണിയാ ഗാന്ധിയും മത്സരിച്ച് വിജയിച്ചിട്ടുള്ള അമേഠിയിൽ 2004 മുതൽ സോണിയയാണ് എംപി.കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പോയതോടെയാണ് കോണ്‍ഗ്രസിന് പകരക്കാരനെ കണ്ടെത്തേണ്ടി വന്നത്.കിഷോരിലാല്‍ ശര്‍മ നെഹ്‌റു കുടുംബത്തിന്‍റെ വിശ്വസ്തനാണ്. അമേഠിയില്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെയും റായ്ബറേലിയില്‍ സോണിയ ഗാന്ധിയുടെയും പ്രതിനിധിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
അമേഠിയിൽ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയിൽ യുപി മന്ത്രി ദിനേശ് പ്രതാപ് സിങ്ങുമാണ് ബിജെപി സ്ഥാനാർഥികൾ. മേയ് 20ന് ആണു രണ്ടിടത്തും വോട്ടെടുപ്പ്.