വലിയ തിരക്കിനിടയിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തുന്ന താരം മമ്മൂട്ടി

മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും 45ാം വിവാഹ വാർഷിക ​ദിനമാണ് കഴിഞ്ഞത്. കുടുംബ ജീവിതത്തിന് എന്നും പ്രാധാന്യം നൽകിയ താരമാണ് മമ്മൂട്ടി. സുൽഫത്ത് എന്നും തന്റെ നല്ല സുഹൃത്താണെന്നാണ് മമ്മൂട്ടി പറയുന്നത്.

” നിങ്ങളൊക്കെ കേട്ടിട്ടുള്ള സ്വഭാവം തന്നെയാണ് എനിക്ക്. പരുക്കത്തരവും ചൂടും വീട്ടിലുമുണ്ട്. അതൊക്കെ സഹിച്ച് നിന്നത് തന്നെ വലിയ കാര്യം. ആദ്യമൊക്കെ സിനിമയിൽ അഭിനയിക്കുമ്പോൾ വീട്ടിൽ ഇല്ല. അകന്ന് നിൽക്കുകയാണ്. ഇപ്പോൾ കുറച്ച് കൂടെ അഡ്ജസ്റ്റ് ചെയ്യാം. നല്ല സിനിമ ഇഷ്ടപ്പെടുന്ന ആളാണ്. വായിക്കും. രഹസ്യമായി കുറിപ്പുകളൊക്കെ എഴുതും. നല്ല സുഹൃത്താണ്. കാര്യങ്ങൾ നമ്മൾ കാണുന്നതിനേക്കാൾ മുന്തിയ തലത്തിൽ കാണുന്ന ആളാണ്.

ഭാര്യ എന്നത് രക്തബന്ധമല്ല. ഏട്ടൻ, അമ്മ, അച്ഛൻ, അമ്മാവൻ എന്നിവരൊക്കെ മുറിച്ച് മാറ്റാൻ പറ്റാത്ത ബന്ധങ്ങളാണ്. പക്ഷെ ഭാര്യ വേണമെങ്കിൽ മുറിച്ച് മാറ്റാൻ പറ്റുന്ന ഒരു ബന്ധമാണ്. ആലോചിക്കേണ്ട കാര്യം ഭാര്യയിലൂടെയാണ് ഈ ബന്ധങ്ങളെല്ലാം നമുക്കുണ്ടാകുന്നത്. മുറിച്ച് മാറ്റാൻ പറ്റുന്ന ബന്ധത്തിൽ നിന്നാണ് മുറിച്ച് മാറ്റാൻ പറ്റാത്ത ബന്ധങ്ങൾ നമുക്കുണ്ടാകുന്നത്.ഭാര്യാ ഭർതൃബന്ധമെന്നത് ദിവ്യമായ ബന്ധമാണ്. രണ്ട് തരം ചിന്തകളും ചിന്താ​ഗതികളും മനസുമുള്ള രണ്ട് വ്യക്തികൾ ഒന്ന് ചേരുന്നതാണ് ഭാര്യാ ഭർതൃ ബന്ധം. തനിക്ക് ഭാര്യ ഏറ്റവും സുന്ദരി ആയത് കൊണ്ടാണ് ഞാനവളെ കല്യാണം കഴിച്ചത്.” മമ്മൂ‌ട്ടി വ്യക്തമാക്കി.

45 വർഷം നിങ്ങൾ പൂർത്തിയാക്കി. നിങ്ങളുടേതായ രീതിയിൽ നിങ്ങളുടെ ലോകം നിങ്ങൾ സൃഷ്ടിച്ചു. ആ ലോകത്തിന്റെ ഭാ​ഗമാകാനും സ്നേഹം അനുഭവിക്കാനും കഴിഞ്ഞതിൽ ഞങ്ങൾ ഭാ​ഗ്യവാൻമാരാണ്. ഉപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാർഷികാശംസകൾ നേരുന്നു,ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു.