എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ കൂട്ട അവധി,30 ലേറെ പേരെ പിരിച്ചു വിട്ടുകഴിഞ്ഞു,പിരിച്ചുവിടല്‍ നടപടികള്‍ തുടരുന്നു

ന്യൂഡൽഹി : ടിക്കറ്റെടുത്ത് യാത്ര ചെയ്യാനെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ കൂട്ട അവധി കാരണം വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. ജീവനക്കാരുടെ അഭാവം മൂലം ഒട്ടേറെ ഫ്ലൈറ്റുകളാണ് റദ്ദാക്കപ്പെട്ടത്.30 ലേറെ ക്യാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് ഇതിനകം പിരിച്ചുവിട്ടുകഴിഞ്ഞു . ഇനിയും പിരിച്ചുവിടല്‍ നടപടികള്‍ തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മെയ് 9, വ്യാഴാഴ്ച വൈകുന്നേരം 4 മണിയ്ക്ക് മുമ്പ് എല്ലാവരും ജോലിയിൽ തിരികെ പ്രവേശിച്ചിരിക്കണം എന്നതാണ് അന്ത്യശാസനം.

300 ഓളം ജീവനക്കാർ ഒറ്റയടിയ്ക്ക് കൂട്ട അവധിയെടുത്ത്‌ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് വെയ്ച്ചുള്ള പ്രതിഷേധം ആസൂത്രിതമായിരുന്നു എന്നാണ് കമ്പനി കണ്ടെത്തിയിട്ടുള്ളത്. വിമാന സര്‍വ്വീസികള്‍ റദ്ദാക്കപ്പെടണം എന്നുദ്ദേശിച്ച് തന്നെ ആയിരുന്നു ഈ നീക്കം എന്നാണ് കമ്പനി വിലയിരുത്തുന്നത്.എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോേയീസ് സര്‍വ്വീസ് റൂളുകള്‍ ലംഘിക്കുന്ന നടപടികളാണെന്നും ന്യായമില്ലാത്ത രീതിയിലാണ് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനിന്നത് എന്നും പിരിച്ചുവിടല്‍ നോട്ടീസിൽ പറയുന്നുണ്ട്.

യോഗ്യതയ്ക്ക് അനുസരിച്ചുള്ള പ്രതിഫലം അല്ല ലഭിക്കുന്നത് എന്ന ആക്ഷേപമാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്.ജോലി സമയം സംബന്ധിച്ചും അലവന്‍സുകള്‍ സംബന്ധിച്ചും ജീവനക്കാരും മാനേജ്‌മെന്റും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും തുടരുകയാണ്.