കൊച്ചി: പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പോലീസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസിൽ പോലീസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാര്‍ക്കൊപ്പമോ? കേരളം പോലുള്ള പ്രബുദ്ധമായ സംസ്ഥാനത്തിന് അപമാന ഭാരം കൊണ്ട് തലകുനിച്ച് നില്‍ക്കേണ്ടി വന്ന സംഭവമാണ് പന്തീരാങ്കാവിലുണ്ടായത്. ഇതൊന്നും ആര്‍ക്കും സഹിക്കാനാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ സിഐ പരിഹസിച്ചു.നിസംഗരായാണ് പോലീസ് പെരുമാറിയത്.വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തത് അവിശ്വസനീയമാണ്. മാതാപിതാക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതൊന്നും അനുവദിച്ച് നല്‍കാനാകില്ല.
കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ നല്‍കിയിട്ടുണ്ടെന്നും. ഇക്കാര്യം പെണ്‍കുട്ടിയുടെ പിതാവിനെ അറിയിച്ചെന്നും വിഡി സതീശൻ പറഞ്ഞു.