മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം,കടബാധ്യതയെന്ന് സൂചന

കമ്പം : തമിഴ്‌നാട്ടിൽ കമ്പത്ത് മൂന്നംഗ കുടുംബത്തെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ കടബാധ്യതയെന്ന് സൂചന.മൂവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് തമിഴ്‌നാട് പൊലീസിന്റെ പ്രാഥമിക നിഗമനം.കോട്ടയം പുതുപ്പള്ളി പുതുപ്പറമ്പിൽ ജോർജ് പി സ്കറിയ (60), ഭാര്യ മേഴ്സി (58), മകൻ അഖിൽ (29) എന്നിവരെയാണ് ഇന്ന് രാവിലെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പിന്‍സീറ്റില്‍ ഡോറിനോട് ചാരിയിരിക്കുന്നനിലയിലായിരുന്നു മേഴ്‌സിയുടെ മൃതദേഹം.അഖിലിന്റെയും ജോര്‍ജിന്റെയും മൃതദേഹങ്ങള്‍ കാറിന്റെ മുന്നിലെ സീറ്റുകളിലായിരുന്നു. കാറിന്റെ സമീപത്തുനിന്ന് കീടനാശിനി കുപ്പി ലഭിച്ചു.കുടുംബത്തിന് രണ്ടു കോടിയോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു എന്നാണ് വിവരം.മൂവരെയും കാണാനില്ലെന്ന പരാതിയില്‍ കഴിഞ്ഞദിവസം കോട്ടയം വാകത്താനം പൊലീസ് മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.അന്വേഷണം നടക്കുന്നതിനിടെയാണ് മൂവരെയും കമ്പംമെട്ടിന് സമീപം കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.

.പ്രധാനറോഡില്‍നിന്ന് മാറിയുള്ള കൃഷിയിടത്തിലാണ് കോട്ടയം രജിസ്‌ട്രേഷനിലുള്ള കാര്‍ നിര്‍ത്തിയിട്ടിരുന്നത്. ഇതിനുള്ളിലായാണ് മൂവരെയും മരിച്ചനിലയില്‍ കണ്ടത്.കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് തമിഴ്‌നാട് പോലീസ് അന്വേഷണം ആരംഭിച്ചച്ചതോടെയാണ് അഖിലിന്റെ ഉടമസ്ഥതയിലുള്ള കാറാണെന്നും മരിച്ചത് അഖിലും മാതാപിതാക്കളുമാണെന്ന് വ്യക്തമായത്. കാഞ്ഞിരത്തുംമൂട്ടിൽ താമസിച്ചിരുന്ന കുടുംബം അവിടെ തുണിക്കട നടത്തിയിരുന്നു. സാമ്പത്തിക ബാധ്യത കാരണം കട പൂട്ടി.പിന്നീട് ഇവർ തോട്ടയ്ക്കാട് വാടക വീട്ടിൽ താമസമാക്കി. മൂന്നു ദിവസമായി ഈ വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.