സംസ്ഥാനത്തിനകത്ത് പന്നികളെ കൊണ്ടുപോവുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായി പന്നികളെയും പന്നിമാംസവും എത്തിക്കുന്നതു തടയാന്‍ കര്‍ശന നടപടി സ്വീകരിച്ച് മൃഗസംരക്ഷണ വകുപ്പ്. ആഫ്രിക്കന്‍ പന്നിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. സംസ്ഥാനത്തിനകത്ത് പന്നികളെ കൊണ്ടുപോവുന്നതിന് കൃത്യമായ നിയന്ത്രണം ഏര്‍പ്പെടുത്തും.

പന്നികള്‍ക്ക് അസുഖം ബാധിച്ചിട്ടില്ല എന്ന് പ്രാദേശിക വെറ്ററിനറി സര്‍ജന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ നിര്‍ബന്ധമായും കരുതണം. ഇല്ലാത്തപക്ഷം, വാഹനമടക്കം പിടിച്ചെടുത്ത് നിയമനടപടികള്‍ സ്വീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. നിരോധനം ലംഘിച്ച് അതിര്‍ത്തി കടന്ന് പന്നികളുടെ കടത്ത് പരിശോധിക്കുന്നതിനും കണ്ടെത്തുന്നതിനും അതിര്‍ത്തികളില്‍ മൃഗസംരക്ഷണ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ നിയോഗിക്കും.