നിരോധിത മയക്കുമരുന്നുമായി പ്രശസ്ത സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ

തൊടുപുഴ: ഹഷീഷ് ഓയിലുമായി സിനിമാ സ്റ്റിൽ ഫോട്ടോഗ്രാഫർ അറസ്റ്റിൽ. ആലപ്പുഴ പഴവീട് പഴയംപള്ളിയിൽ ആൽബിൻ ആൻറണി(26)യാണ് പിടിയിലായത്. ഹൃദയം, ഭീഷ്മപർവം തുടങ്ങിയ സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറാണ് ആൽബിൻ.

മൂന്നാർ- മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോപോയിന്റിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ആൽബിൻ പിടിയിലായത്. ഇയാളിൽ നിന്നും ദേവികുളം പൊലീസ് 2.5 ഗ്രാം ഹാഷിഷ് ഓയിൽ പിടികൂടി. സ്വന്തം ആവശ്യത്തിനായി ഗോവയിൽ നിന്ന് എത്തിച്ചതെന്നാണ് ആൽബിൻ പൊലീസിന് നൽകിയ മൊഴി.

അതിനിടെ, മലപ്പുറത്ത് വിൽപ്പനക്കായെത്തിച്ച 9.5 കിലോ കഞ്ചാവുമായി രണ്ട് പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. അലനല്ലൂർ സ്വദേശികളായ ചെറുക്കൻ യൂസഫ് (35), പാക്കത്ത് ഹംസ (48)എന്നിവരാണ് പിടിയിലായത്. പെരിന്തൽമണ്ണ എസ് ഐ. എ എം യാസിറും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവും സിന്തറ്റിക് ലഹരിമരുന്നുകളും കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. മണ്ണാർക്കാട്, അലനെല്ലൂർ കേന്ദ്രീകരിച്ചുള്ള സംഘത്തെ നിരീക്ഷിച്ച് വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.