സിനിമാ-സീരിയൽ നടൻ ഉൾപ്പടെ രണ്ട് യുവാക്കൾ എം.ഡി.എം.എയുമായി പിടിയില്‍

തൃശ്ശൂർ: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി സിനിമാ-സീരിയൽ -ആൽബം നടൻ ഉൾപ്പടെ രണ്ട് യുവാക്കൾ പിടിയില്‍. 5 ഗ്രാം എം.ഡി.എം.എ ആണ് ഇവരില്‍ നിന്ന് ലഭിച്ചത്. കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടുകടവ് പാലത്തിന് സമീപത്ത് നിന്നാണ് തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കൊരട്ടി പോലീസും ചേർന്ന് പ്രതികളെ പിടികൂടിയത്.

സർക്കാർ നടത്തിവരുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാ​ഗമായി തൃശൂർ ജില്ലയിൽ വ്യാപകമായ രീതിയിൽ റെയ്ഡും നടപടികളും തുടർന്നുവരികയായിരുന്നു. അതിനിടെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ മേലൂർ വെട്ടുകടവ് പാലത്തിന് സമീപം വെച്ചു നടത്തിയ വാഹന പരിശോധനക്കിടെ യുവാക്കളെ അറസ്റ്റ് ചെയ്തത്. കോടാലി മോനൊടി ചെഞ്ചേരി വളപ്പിൽ വീട്ടിൽ വിശ്വനാഥന്റെ മകൻ അരുൺ, മൂന്നുമുറി ഒമ്പതുങ്ങൽ അമ്പലപ്പാടൻ വീട്ടിൽ കുമാരന്റെ മകൻ നിഖിൽ എന്നിവരാണ് പിടിയിലായത്. അരുൺ ഏതാനും ചില മലയാള സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമിലുമൊക്കെ അഭിനയിച്ചിട്ടുള്ളയാളാണ്.

കൊരട്ടി എസ്.എച്ച്.ഒ അരുൺ ബി.കെ, എസ്.ഐമാരായ സൂരജ്, സജി വർഗീസ്, ഡാൻസാഫ്, സ്റ്റീഫൻ. വി.ജി, എ.എസ്.ഐമാരായ പി ജയകൃഷണൻ, ജോബ് സി.എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സൂരജ് വി ദേവ് , ലിജു ഇയ്യാനി, മിഥുൻ ആർ കൃഷ്ണ, ഷറഫുദ്ദീൻ, രഞ്ജിത്ത്, സജിമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്.