കാണാതായ ഏഴാം ക്‌ളാസ് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി

പാലക്കാട്: അലനെല്ലൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ കുടുങ്ങിയ നിലയിൽ കണ്ടെത്തി. സ്കൂള്‍ വിട്ടതിന് ശേഷം പെണ്‍കുട്ടിയെ കാണാത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കളും അധ്യാപകരും അന്വേഷിച്ചിറങ്ങുകയായിരുന്നു. പിന്നാലെയാണ് മൂന്നാം നിലയിലെ ക്ലാസ് മുറിയോട് ചേര്‍ന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ക്ഷീണിതയായിരുന്ന കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പരിശോധിച്ച ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടു.

മണ്ണാര്‍ക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴിയെടുത്തു. മൊബൈല്‍ ഫോണ്‍ ഉപയോഗത്തെച്ചൊല്ലി രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ കഴിഞ്ഞദിവസം ശാസിച്ചിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് സ്കൂള്‍ വിട്ടതിന് ശേഷവും വീട്ടിലേക്ക് മടങ്ങാതെ ക്ലാസ് മുറിയില്‍ തന്നെ കഴിഞ്ഞതെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു