ആറ്റുകാൽ പൊങ്കാല ഞായറാഴ്ച,തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 25, ഞായറാഴ്ച നടക്കും.ആറ്റുകാൽ ക്ഷേത്ര പരിസരത്തെ പണ്ടാരഅടുപ്പിൽ ഞായറാഴ്ച രാവിലെ 10.30 മണിക്ക് മേൽശാന്തി തീപകരുന്നതോടെ നഗരത്തിലെങ്ങും പൊങ്കാലയ്ക്ക് ആരംഭം കുറിക്കും. ഉച്ചയ്ക്ക് രണ്ടര മണിക്കാണ് പൊങ്കാല നിവേദ്യം അർപ്പിക്കുക.ലക്ഷക്കണക്കിന് വനിതാ ഭക്തജനങ്ങളാണ് പൊങ്കാലയിടുന്നത്.

ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ ഞായറാഴ്ച രാത്രി 8 വരെ സിറ്റി പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടെയ്‌നർ ലോറികളും ചരക്കുലോറികളും ഉൾപ്പെടെയുള്ള വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാൻ പാടുള്ളതല്ല.ഭക്തജനങ്ങളുമായി എത്തുന്ന സ്വകാര്യ വാഹനങ്ങൾ ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്തെ പ്രധാന റോഡുകളിലോ ദേശീയപാത, എംസി, എംജി റോഡുകൾക്ക് സമീപമോ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഗതാഗത തടസ്സമുണ്ടാക്കുന്നതോ സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതോ ആയ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ സ്ഥലത്തുനിന്നും നീക്കം ചെയ്യുകയും ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

വിലകൂടിയ ടൈലുകൾ പാകിയ നടപ്പാതയിൽ അടുപ്പ് കൂട്ടുന്നതിനെതിരെയും വാഹനങ്ങൾ അടുപ്പിന് സമീപം പാർക്ക് ചെയ്യുന്നതിനെതിരെയും പൊലീസ് നിർദേശം നൽകി. ആംബുലൻസ്, പോലീസ്, ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിൻ്റെ വാഹനങ്ങൾ എന്നിവയ്ക്ക് എളുപ്പത്തിൽ കടന്നുപോകാൻ തടസ്സമാകാത്ത വിധത്തിൽ അടുപ്പുകൾ ക്രമീകരിക്കണം.പൊങ്കാല ദിനമായ ഫെബ്രുവരി 25ന് ക്ഷേത്രപരിസരത്ത് മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും.